തിയേറ്റര്‍ ഉടമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് പുത്രന്‍

തിയേറ്റര്‍ ഉടമകള്‍ക്കെതിരേ വിമര്‍ശനവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തിയേറ്റര്‍ ഉടമകള്‍ കാരണം ഇവിടെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീര്‍ വീണിട്ടുണ്ടെന്നും താനതില്‍ ഒരാളാണെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ്, നടന്‍ ബോബി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പം അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ച ചിത്രത്തിന് വന്ന കമന്റുകളിലൊന്നായിരുന്നു ഇനി തിയേറ്റര്‍ സിനിമകള്‍ ചെയ്യില്ലേ എന്നത്.

അതിന് രൂക്ഷമായ ഭാഷയിലായിരുന്നു സംവിധായകന്റെ പ്രതികരണം. തന്റെ ആരോഗ്യം ക്ഷയിക്കാന്‍ കാരണം തിയേറ്റര്‍ ഉടമകളാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ആരോപിച്ചു. തിയേറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല. തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ചെയ്യാന്‍ സഹായം ചെയ്ത് കൊടുത്തത് തിയേറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയേറ്ററുകാരന്‍ എന്റെ സിനിമ പ്രമോട്ട് ചെയ്‌തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ വേണം പടം റിലീസ് ചെയ്യാന്‍. ഒരു എഴുത്തുകാരന്‍ എന്ന് പറയുന്നത് ആയിരം മടങ്ങു വലുതാണ്. സംവിധായകന്‍ എന്ന നിലയിലാണ് നിങ്ങള്‍ എന്നെ മനസ്സിലാക്കുന്നത്.

എല്ലാ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ജോലി ചെയ്യാന്‍ ഒരു മുറിയിലിരുന്ന് എഴുത്തുകാരന്‍ എഴുതുന്നതാണ് സിനിമയാകുന്നത്. എങ്കിലേ അത് പ്രദര്‍ശിപ്പിക്കാനുള്ള സിനിമയാകൂ. ഞാനൊഴുക്കിയ കണ്ണീരിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണം. അതുപോലെ മറ്റു എഴുത്തുകാരുടെയും. അതിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ആലോചിക്കും. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശനങ്ങള്‍ എനിക്ക് പരിഹരിക്കേണ്ടതുണ്ട്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് താന്‍ സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ അല്‍ഫോണ്‍സ് പറഞ്ഞു.

‘ഞാന്‍ എന്റെ സിനിമാ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും’,-അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Top