ഡല്‍ഹി: കെ-റെയിലിന് ബദല്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കും. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
കെ-റെയില്‍ ബദല്‍ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന ആവശ്യമാണ് യോഗത്തില്‍ ബിജെപി നേതാക്കള്‍ മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എംപിമാരുമായി കൂടിയാലോചിക്കാമെന്നാണ് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കി. കേരളത്തില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കുന്ന തരത്തിലുള്ള പഠനം കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ഈ ബദല്‍മാര്‍ഗം കേരള എംപിമാരുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച സില്‍വർ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നാണ് ബിജെപിയുടെ രാഷ്ട്രീയ നിലപാട്. പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ലെന്നാണ് ബിജെപിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുനിന്നുള്ള ബിജെപി പ്രതിനിധി സംഘം റെയില്‍വേ മന്ത്രിയെ കണ്ടത്. നിലവില്‍ റെയില്‍വേ മന്ത്രാലയം കേരളത്തില്‍ നടത്തിയ പഠനങ്ങള്‍ സംബന്ധിച്ചുള്ള തുടര്‍ചര്‍ച്ചകളായിരിക്കും സംസ്ഥാനത്തെ എംപിമാരുമായി ചര്‍ച്ച ചെയ്യുക. ഈ സഭാസമ്മേളന കാലയളവില്‍ തന്നെ ഈ നിര്‍ണായക കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം.