ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സി.ഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍, കേസില്‍ അഞ്ചാം പ്രതി

Sreejith-

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റു ചെയതു. കേസില്‍ അഞ്ചാം പ്രതിയായാണ് ക്രിസ്പിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. വൈകിട്ട് നാലു മണിയോടെ ആലുവ പൊലീസ് ക്‌ളബ്ബില്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. നേരത്തെ, വരാപ്പുഴ എസ്.ഐ ദീപക്കിനേയും റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പൊലീസുകാരേയും അറസ്റ്റു ചെയ്തിരുന്നു.

അതേസമയം, സാമിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. അന്യായമായി തടങ്കലില്‍ വയ്ക്കുക, കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലെ തിരിമറി എന്നീ കുറ്റങ്ങളാണ് ക്രിസ്പിന്‍ സാമിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ സി.ഐ മര്‍ദ്ദിച്ചിരുന്നില്ല. എന്നാല്‍, എസ്,ഐയും റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മറ്റ് പൊലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചത് തടയാന്‍ ശ്രമിച്ചില്ല, അതേക്കുറിച്ച് അന്വേഷിച്ചില്ല, ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല തുടങ്ങിയ ഗുരുതര പിഴവായാണ് അന്വേഷണ സംഘം വിലയിരുത്തിയത്.

സംഭവ ദിവസം രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ ക്രിസ്പിന്‍ സാം ഒപ്പിട്ടുനല്‍കുകയും ചെയ്തിരുന്നു. ഇങ്ങനെ അന്യായ തടങ്കലിന് സി.ഐ ഒത്താശ ചെയ്‌തെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ഇതിന് പുറമെ കസ്റ്റഡിമരണത്തിന്റെ തെളിവ് ഇല്ലാതാക്കാന്‍ കൂട്ടുനിന്നതിനുള്ള കുറ്റവും സി.ഐയുടെ മേല്‍ ചുമത്തിയേക്കാം. നിയമോപദേശം ലഭിച്ച ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് അന്വേഷണ സംഘം അറിയിച്ചു.

വരാപ്പുഴ ദേവസ്വംപാടം വാസുദേവന്‍ കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ (55) മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഉള്‍പ്പെടെയുളളവരെ മര്‍ദ്ദിക്കാന്‍ എസ്‌ഐ ദീപക്കിന് നിര്‍ദേശം നല്‍കിയത് സിഐ ക്രിസ്പിനാണെന്നും ആരോപണമുണ്ടായിരുന്നു. കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശപ്രകാരം വരാപ്പുഴയിലെത്തിയ തങ്ങളോട് പ്രതികളെ പിടിക്കാന്‍ നിര്‍ദേശിച്ചതു സിഐ ആണെന്ന് അറസ്റ്റിലായ ആലുവ റൂറല്‍ എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളും മൊഴി നല്‍കിയിരുന്നു.

നിലവില്‍ കേസില്‍ ക്രിസ്പിന്‍ സാം അടക്കം നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്രിസ്പിന്‍ സാമിനെ കൂടാതെ വരാപ്പുഴ എസ്‌ഐ ദീപക്, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്. മോശം പെരുമാറ്റം, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

സിഐ ക്രിസ്പിന്‍ സാമിനു ഗുരുതര വീഴ്ച പറ്റിയെന്ന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Top