കൊച്ചി: ആലുവ പെരിയാറില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം സ്ത്രീയുടേതെന്ന് തിരിച്ചറിഞ്ഞു. സംഭവം കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മൃതദേഹം ആറ്റില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ടാണ് ആലുവ യു.സി. കോളേജിന് സമീപം പെരിയാറില്‍ മൃതദേഹം കണ്ടെത്തിയത്. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടത്. പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലില്‍ താഴത്തിയ നിലയിലായിരുന്നു. മൃതദേഹം ഒഴുകി വന്ന് ഈ ഭാഗത്ത് തടഞ്ഞതാണെന്ന് കരുതുന്നു. വലതുകൈ ഉയര്‍ത്തിപ്പിടിച്ച നിലയിലാണ് മൃതദേഹം.
രാത്രി മൃതദേഹം കെട്ടഴിക്കാനാകാത്തതിനാല്‍ ബുധനാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ സ്ത്രീകളെക്കുറിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പരാതികളൊന്നും ലഭിക്കാത്തതിനാല്‍ സമീപപ്രദേശങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.