ആലുവ മാര്‍ക്കറ്റ് വ്യാഴാഴ്ച മുതല്‍ ഭാഗികമായി പ്രവര്‍ത്തിക്കും

ആലുവ: ജില്ലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലുവ മാര്‍ക്കറ്റ് വ്യാഴാഴ്ച മുതല്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കും. മൊത്ത വില്‍പ്പനയാണ് ആദ്യം ആരംഭിക്കുന്നത്. പിന്നീട് ഞായാറാഴ്ച വരെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ചില്ലറ വില്‍പ്പനയും ആരംഭിക്കാന്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

മാര്‍ക്കറ്റ് പുന:രാരംഭിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നിരീക്ഷണത്തിനായി 12 അംഗ ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

‘കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. നിലവില്‍ പുലര്‍ച്ചെ മുതല്‍ രാവിലെ പത്തു മണി വരെ മാത്രമേ പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളൂ. ജനപ്രതിനിധികളും നഗരസഭാ ഉദ്യോഗസ്ഥരും കച്ചവടക്കാരുടെയും തൊഴിലാളികളുടെയും പ്രതിനിധികളും ഉള്‍പ്പെടുന്ന ജാഗ്രതാ സമിതിയാകും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക’ -എംഎല്‍എ വ്യക്തമാക്കി.

പുറത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുലര്‍ച്ചെ തന്നെ ചരക്ക് ഇറക്കി മാര്‍ക്കറ്റ് വിടണം. ആറു മണി വരെയാണ് പച്ചക്കറി ഇറക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. മീന്‍വണ്ടികള്‍ നാലു മണിക്ക് മുമ്പു തന്നെ മാര്‍ക്കറ്റ് വിടണം. പുലര്‍ച്ചെ നാലു മുതല്‍ ആറു വരെയാണ് മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനയ്ക്കുള്ള സമയം. മാര്‍ക്കറ്റിലേക്ക് വരുന്ന വാഹനങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ടാകും. മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാണ്. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.

Top