ആലുവ: ആലുവയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉളിയന്നൂര്‍ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. മാര്‍ക്കറ്റിന് സമീപമുള്ള ഉളിയന്നൂര്‍ പ്രദേശത്താണ് കോവിഡ് ബാധിതന്‍ താമസിച്ചിരുന്നത്. ഇതോടെയാണ് ഇവിടെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ആലുവ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് ഇയാള്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.
ഇതോടെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം പറഞ്ഞു.
പച്ചക്കറി-മത്സ്യ മാര്‍ക്കറ്റാണ് പൂര്‍ണമായും അടക്കുന്നത്. ആലുവ അണ്ടര്‍പാസില്‍ നിന്ന് മാര്‍ക്കറ്റിലേക്കുള്ള രണ്ട് വഴികളും ബാരിക്കേഡ് ഉപയോഗിച്ച് മറയ്ക്കും. ഞായറാഴ്ച രാവിലെതന്നെ ഇതിനുള്ള ജോലികള്‍ ആരംഭിക്കും.
അതേസമയം, ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായില്ല. ആലുവ മാര്‍ക്കറ്റ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് ആലുവ സ്വദേശിയായ ഇദ്ദേഹം ഓട്ടോ ഓടിച്ചിരുന്നത്.
ജൂണ്‍ 29ന് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിറ്റേന്ന് മരടിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സക്കെത്തി. ഈ മാസം ഒന്നിന് വീണ്ടും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി. കോവിഡ് സംശയത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് അയക്കുകയും സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കളമശ്ശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുമ്പ് ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടറും നഴ്‌സിങ് സ്റ്റാഫുകളും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ഇദ്ദേഹത്തിന്റെ ഭാര്യയോടും പെണ്മക്കളോടും മരുമകനോടും നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യവിഭാഗം നിര്‍ദേശിച്ചു. അതേസമയം, ഇദ്ദേഹം ജൂണ്‍ 26, 27 തീയതികളില്‍ തോട്ടുമുഖം, കമ്പനിപ്പടി, കടുങ്ങല്ലൂര്‍, ചൂണ്ടി, കൊച്ചിന്‍ബാങ്ക്, പമ്പുകവല എന്നിവിടങ്ങളില്‍ ഓട്ടം പോയിട്ടുണ്ടെന്ന് ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്.