കൊച്ചി: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. സുപ്രീം കോടതിയാണ് വധ ശിക്ഷ ജീവപര്യന്തമായി കുറച്ചത്. 2001 ജനുവരി ആറിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊല ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അരങ്ങേറിയത്. ഒരു കുടുംബത്തിലെ ആറുപേരാണ് അന്ന് കൊല്ലപ്പെട്ടത്.
ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആന്റണി നല്‍കിയ പുന പരിശോധനാ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവ്ിട്ടിരിക്കുന്നത്.
വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് 2014 ല്‍ ചീഫ് ജസ്റ്റീസായിരുന്ന ആര്‍.എം. ലോധയുടെ ബഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആന്റണി ഹര്‍ജി നല്‍കി. തുടര്‍ന്ന് വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ഇപ്പോള്‍ അന്തിമ വിധി പാസാക്കുകയായിരുന്നു.
മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിനും കുടുംബവുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. അഗസ്റ്റിന്റെ ബന്ധുവായ ആന്റണിയാണ് ആറുപേരെ നിഷ്‌ക്കരുണം കൊന്ന് തള്ളിയത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47) ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
ആലുവ മുന്‍സിപ്പല്‍ ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായ ആന്റണി അഗസ്റ്റിന്റെ അകന്ന ബന്ധുവായിരുന്നു. ആന്റണിക്ക് വിദേശത്ത് ഒരു ജോലി തരപ്പെട്ടു. എന്നാല്‍ അതിന് കുറച്ച് പണം അത്യാവശ്യമായി വന്നു. പണം ചോദിക്കാനാണ് സംഭവ ദിവസം ആന്റണി മാഞ്ഞൂരാന്‍ വീട്ടിലെത്തിയത്. അവിടെ അപ്പോഴുണ്ടായിരുന്നത് അഗസ്റ്റിന്റെ സഹോദരി 42 വയസുള്ള കൊച്ചുറാണിയും അമ്മ 74 വയസുള്ള ക്ലാരമ്മയും ആയിരുന്നു. ഈ സമയം അഗസ്റ്റിനും ഭാര്യയും രണ്ട് മക്കളും സിനിമ കാണാന്‍ പോയിരുന്നു.
കൊച്ചുറാണിയോട് കാശ് ചോദിച്ച ആന്റണി അത് കിട്ടാതെ വന്നപ്പോള്‍ അവരെ വെട്ടിക്കൊന്നു. ഇതിന് സാക്ഷിയായ ക്ലാരമ്മയേയും കൊലപ്പെടുത്തി. താന്‍ വീട്ടില്‍ വന്ന വിവരം അഗസ്റ്റിന്‍ അറിഞ്ഞിരുന്നതിനാല്‍ തന്നെ പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്ന ആന്റണി അഗസ്റ്റിനും കുടുംബവും സനിമ കണ്ട് മടങ്ങിയെത്തും വരെ വീട്ടില്‍ കാത്തിരുന്നു. പിന്നീട് വീട്ടിലെത്തിയ 47 കാരനായ അഗസ്റ്റിന്‍, അഗസ്റ്റിന്റെ ഭാര്യ 42 കാരിയായ ബേബി, പതിനാലും പന്ത്രണ്ടും വയസുള്ള മക്കള്‍ ജയ്‌മോനും ദിവ്യയും ആന്റണിയുടെ ക്രൂരതയ്ക്ക് ഇരയായി. ആറു പേരെ കൊന്ന ശേഷം യാതൊന്നു മറിയാത്ത മട്ടില്‍ മുംബൈയ്ക്കും അവിടെ നിന്ന് ദമാമിലേക്കും കൊലയാളി കടന്നു.
ആന്റണിയാണ് കൊല നടത്തിയതെന്ന നിസംശയം ഉറപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ തന്ത്രപൂര്‍വം വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതി എല്ലാം ഏറ്റു പറയുകയായിരുന്നു.