ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി

കൊച്ചി : ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ്.

സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ കൈവശം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും എസ്പി പറഞ്ഞു.

സുരക്ഷാ ഏജന്‍സിയെ നിയമിച്ചതില്‍ ജാമ്യവ്യവസ്ഥാ ലംഘനമുണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിനെയാണ് ദിലീപിന്റെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദിലീപിന്റെ വീട്ടിലെത്തി സംഘം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് പേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടായിരിക്കും. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചത്.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫീസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

Top