വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് ആലുവ എക്‌സൈസ് ഷാഡോ ടീമിന്

 

ആലുവ: ആലുവയിലെ മയക്കുമരുന്ന് ലോബികളുമായി നിരന്തരമായ പടപൊരുതിയതിനുള്ള അംഗീകാരം ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമംഗങ്ങള്‍ക്ക്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എന്‍.ജി അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.ഡി ടോമി എന്നിവര്‍ക്കാണ് സമൂഹത്തിന്റെ പൊതുവായ നന്‍മയെ കരുതി ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നല്‍കി ആദരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തോളം ആലുവയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ നടത്തിയ നിസീമമായ പോരാട്ടത്തിനുള്ള അംഗീകാരമാണ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ രണ്ട് കോടിയില്‍പരം രൂപയുടെ മയക്ക് മരുന്ന് കണ്ടുപിടിച്ചതിന് എക്‌സൈസ് വകുപ്പ് മന്ത്രിയുടെ റിവാര്‍ഡ് കരസ്ഥമാക്കിയവരാണ് ഇരുവരും. ന്യൂജനറേഷന്‍ മയക്കുമരുന്നുകളുടെ ഉത്ഭവസ്ഥാനം കണ്ട് പിടിച്ച് യുവതലമുറയെ നേര്‍ വഴിക്ക് നടത്താന്‍ കാണിച്ച ധീരമായ പ്രവര്‍ത്തിക്കാണ് അംഗീകാരം ലഭിച്ചത്. നവംബര്‍ ഒന്നിന് പുരസ്‌കാരം മുഖ്യമന്ത്രി നേരില്‍ നല്‍കും.

ജില്ലയില്‍ ആകെ അഞ്ച് പേര്‍ക്ക് മെഡല്‍ ലഭിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എന്‍ സുധീര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ കെ ആര്‍ രാം പ്രസാദ് , എ എസ് ജയന്‍, പ്രിവന്റീവ് ഓഫീസര്‍ എന്നിവരാണ് മറ്റ് മെഡല്‍ ലഭിച്ചവര്‍. ജില്ലയില്‍ ആകെ മുന്നൂറ് കോടി രൂപയ്ക്കു മേല്‍ മതിപ്പുവിലയുള്ള മയക്ക് മരുന്നാണ് വിവിധ കേസുകളിലായി ഇവര്‍ കണ്ടെത്തിയത്. 26 കിലോയിലധികം എംടിഎംഎ, ഒന്‍പതു കിലോയോളം ചരസ്, പത്തു കിലോയോളം ഹാഷിഷ്, നൂറു കിലോയോളം കഞ്ചാവ്, അയ്യായിരത്തോളം നൈട്രസ പാം ടാബ്ലറ്റ്‌സ് തുടങ്ങി നഗരത്തെ ഞെട്ടിച്ച നിരവധി കേസുകള്‍ കണ്ടെത്തിയിരുന്നു.

Top