കൊടും കുറ്റവാളിയെ ലോക്കപ്പില്‍ നിന്ന് ഇറക്കാന്‍ ഗുണ്ടാ സംഘത്തിന്റെ സിനിമാ സ്റ്റൈല്‍ ശ്രമം

ജയ്പുര്‍ : കൊടും കുറ്റവാളിയെ ലോക്കപ്പില്‍ നിന്നും ഇറക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാസംഘം. രാജസ്ഥാനിലെ ആല്‍വാറിലാണ് ബോളിവുഡ് സിനിമകളിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന സംഭവമുണ്ടായത്. വെള്ളിയാഴ്ച രാവിലെ വാഹനത്തിലെത്തിയ 20 അംഗ സംഘം ബെഹ്‌റോര്‍ പൊലീസ് സ്റ്റേഷന് മുന്നിലെത്തി.

പൊലീസ് സ്റ്റേഷന്‍ പരിസരത്ത് എകെ 47 ഉപയോഗിച്ച് 40 റൗണ്ട് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലക്കേസ് പ്രതിയെ ലോക്കപ്പില്‍ നിന്നിറക്കി. ഹരിയാനയിലെ കൊടും ക്രിമിനലായ വിക്രം ഗുര്‍ജര്‍ എന്ന യുവാവിനെയാണ് സംഘം രക്ഷിച്ചത്.

ഹരിയാനയിലെ ഡോ. കുല്‍ദീപിന്റെ സംഘാംഗമാണ് വിക്രം ഗുര്‍ജര്‍. പൊലീസ് കോണ്‍സ്റ്റബിളടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

കുറ്റവാളിയുമായി കടന്ന സംഘത്തിന്റെ വാഹനം കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ കേടായി. അതുവഴിയെത്തിയ സ്‌കോര്‍പിയോ കാറിനെ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടിയ സംഘം തട്ടിയെടുത്ത വാഹനത്തില്‍ കടന്നുകളയുകയായിരുന്നു.

പൊലീസ് പിന്തുടര്‍ന്നെങ്കിലും സംഘത്തിനെ പിടിക്കാന്‍ സാധിച്ചില്ലെന്ന് ബെഹ്‌റോര്‍ എസ്പി അമന്‍ദീപ് കപൂര്‍ പറഞ്ഞു. സംഘത്തെ പിടികൂടാന്‍ രാജസ്ഥാന്‍ ഡിജിപി ഭൂപേന്ദ്ര യാദവ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനെ നിയോഗിച്ചു.

Top