തിരുവനന്തപുരം: ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ കാവലാളായി നിലകൊള്ളുമെന്ന് വി.എസ്.അച്യുതാനന്ദന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിമാനാര്‍ഹമായ ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി. ഇതുവരെ കേരളം കണ്ട യുഡിഎഫിന്റെ ഭരണമായിരിക്കില്ല എല്‍ഡിഎഫിന്റേതെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
5 വര്‍ഷം ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിച്ചു.നാനാ മേഖലയില്‍ നിന്നും പിന്തുണ കിട്ടി. അഴിമതി തുറന്നു കാട്ടാന്‍ കഴിഞ്ഞു വിഎസ് പറഞ്ഞു.
മുന്‍സര്‍ക്കാരിന്റെ അഴിമതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കണം. സോളര്‍ അടക്കമുള്ള അഴിമതികളിലെ കുറ്റക്കാരെ ശിക്ഷിക്കണം. ജിഷയുടെ ഘാതകരെ പിടികൂടുന്നത് വിദൂരമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും വിഎസ് പറഞ്ഞു.
എന്റെ സ്ഥാനമാനങ്ങള്‍ ചര്‍ച്ചാവിഷയമല്ല. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ല ഞാന്‍. എന്നെ അറിയാവുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ ബോധ്യമുള്ളതാണ്. തിരുവനന്തപുരത്തുതന്നെ താന്‍ ഉണ്ടാകുമെന്നും തന്നെ കാണാന്‍ ആലപ്പുഴയിലേക്ക് വരേണ്ടിവരില്ലെന്നും വിഎസ് വ്യക്തമാക്കി.
വിഎസ്-പിണറായി കൂടിക്കാഴ്ചക്കുശേഷമാണ് വിഎസ് മാധ്യമങ്ങളെ കണ്ടത്. താന്‍ ഈ രംഗത്ത് ഏറെക്കുറെ തുടക്കകാരനാണ്. മുഖ്യമന്ത്രി ആയിരുന്ന വി.എസിന്റെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ശ്രദ്ധിച്ച് മനസിലാക്കുന്നതിന് വേണ്ടിയാണ് ഈ സന്ദര്‍ശനമെന്ന് പിണറായി വ്യക്തമാക്കിയിരുന്നു.