സിഡ്നി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതാ ബിഗ് ബാഷ് ലീഗില്‍ 48 പന്തില്‍ നിന്ന് സെഞ്ചുറി നേടി വനിത ക്രിക്കറ്റ് താരം അലീസ ഹീലി. നോര്‍ത്ത് സിഡ്നി ഓവലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടിയാണ് ഹീലി ഈ നേട്ടം കൈവരിച്ചത്. 52 പന്തുകള്‍ നേരിട്ട ഹീലി 15 ഫോറും ആറു സിക്സുമടക്കം 111 റണ്‍സാണെടുത്തത്. ഹീലിയുടെ മികവില്‍ മത്സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ജയം സ്വന്തമാക്കാനും സിഡ്നി സിക്സേഴ്സിനായി.
ലോകക്രിക്കറ്റില്‍ തന്നെ അപൂര്‍ നേട്ടങ്ങള്‍ കൈവരിച്ചവരാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താര ദമ്പതികളായ മിച്ചല്‍ സ്റ്റാര്‍ക്കും അലിസ്സ ഹീലിയും. ഹീലിയുടെ ഈ നേട്ടത്തിന് സാക്ഷിയായി ഭര്‍ത്താവ് സ്റ്റാര്‍ക്കും ഗാലറിയില്‍ ഉണ്ടായിരുന്നു. ഇരുവരും സ്വന്തം രാജ്യത്തിനായ് ലോകകപ്പ് വിജയിക്കുന്ന ആദ്യ ദമ്പതികളെന്ന നേട്ടം സ്വന്തമാക്കിയവരാണ്. അന്ന് ഹീലിയുടെ മത്സരം കാണാന്‍ പതിനായിരം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചായിരുന്നു സ്റ്റാര്‍ക്ക് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്. മത്സരത്തില്‍ 30 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഹീലി മത്സരത്തിലാകെ 39 പന്തില്‍ 75 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.