കോട്ടയം: പരീക്ഷ വൈകിയതിനെതിരെ നവമാധ്യമങ്ങളിലുടെ പ്രതികരിച്ച വിദ്യാര്‍ത്ഥിയെ അന്യായമായി കോളേജില്‍ നിന്നും പുറത്താക്കിയതായി പരാതി.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി ഏന്‍ജീനിയറിങ് കോളേജിലെ മാത്യു ഏലിയാസിനെയാണ് ആകാരണമായി മനേജ്‌മെന്റ് പിരിച്ചുവിട്ടത്. ആറുമാസത്തിനകം കോളേജില്‍ നിന്നും ടി സി വാങ്ങി പോയില്ലെങ്കില്‍ മാത്യുവിനെ ജീവനോടെ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നു.
ഇതോടെ മാത്യുവിന്റെ തുടര്‍പഠനത്തിനുള്ള സാധ്യതകള്‍ അടഞ്ഞിരിക്കുകയാണ്. 2015ലാണ് മെറിറ്റ് സീറ്റില്‍ യോഗ്യത നേടിയ മാത്യു ഏലിയാസ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജീനീയറിങ് കോളേജില്‍ സിവില്‍ എന്‍ജീനീറിങ് കോഴ്‌സില്‍ പ്രവേശനം നേടിയത്.
ആദ്യരണ്ട് സെമസ്റ്റര്‍ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കോടെ മാത്യു മുഴുവന്‍ വിഷയങ്ങള്‍ക്കും പാസായി. മൂന്നാം സെമസ്റ്റര്‍ പരീക്ഷ വൈകിയതോടെ ശാസ്ത്ര സര്‍വകലശാല വി സിക്ക് എതിരായി വിദ്യാര്‍ത്ഥികള്‍ നവമാധ്യമങ്ങളിലുടെ പ്രതീകരിച്ചു. ഇതിനെ പിന്തുണച്ച് മാത്യുവും ചില പോസ്റ്റുകള്‍ ഇട്ടിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട കോളേജ് അധികാരികള്‍ മാത്യുവിനെ വിളിച്ചു വരുത്തി മദ്യപാനിയായി ചീത്രീകരിച്ച ശേഷം യാതൊരു കാരണവും കാണിക്കാതെ തന്നെ കോളേജില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറയുന്നു.
ഇത്തരത്തില്‍ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ നിരവധി വിദ്യാര്‍ത്ഥികളെ അമല്‍ജ്യോതി മാനേജ്‌മെന്റ് പുറത്താക്കിയിട്ടുള്ളതായും ആരോപണമുയരുന്നുണ്ട്. രാഷ്ടീയ നേത്യത്വങ്ങളില്‍ ശക്തമായ സ്വാധീനമുള്ള മാനേജ്‌മെന്റിനെ ആരും ചോദ്യം ചെയ്യാറില്ല.