2007ൽ റിലീസ് ചെയ്ത മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ബിഗ് ബി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നത് മുതൽ കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ, ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് മുമ്പ് മമ്മൂട്ടിയും അമലും മറ്റൊരു ചിത്രത്തിനായി ഒരുമിക്കുന്നു എന്ന റിപ്പോർട്ടാണ് ഒടുവിലായി പുറത്തുവരുന്നത്. മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നതായി നടൻ സൗബിൻ ഷാഹിർ ആണ് വെളിപ്പെടുത്തിയത്. അതിൽ താൻ അഭിനയിക്കുന്നുണ്ടെന്നും ഉടൻ ചിത്രീകരണം തുടങ്ങുമെന്നും സൗബിൻ പറയുന്നു.
ലാൽ ജോസിന്റെ ‘മ്യാവൂ’എന്ന ചിത്രത്തിന്റെ സെറ്റിനിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സൗബിൻ ഇക്കാര്യം പറയുന്നത്. നിലവിൽ ബിഗ് ബി രണ്ടാം ഭാഗത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഭാഗത്തിലുള്ള താരങ്ങളിൽ പലരും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഉണ്ണി ആറും സുഹാസ് ഷറഫും ചേർന്നാണ് തിരക്കഥ.