അമല പോളും നികുതി വെട്ടിപ്പ് നടത്തി, കാറിന്റെ രജിസ്ട്രേഷന്‍ പോണ്ടിച്ചേരിയില്‍

amala paul

കൊച്ചി: കാരാട്ട് ഫൈസലിന്റെ കാറിന്റെ നികുതി വെട്ടിപ്പ് വെളിപ്പെട്ടതിന് പിന്നാലെ കൂടുതല്‍ നികുതി വെട്ടിപ്പുകളുടെ കഥ പുറത്ത്.

നടി അമല പോളിന്റെ കാറും നികുതി വെട്ടിപ്പ് നടത്തിയാണ് വാങ്ങിയിരിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

അമല പോള്‍ ഉപയോഗിക്കുന്ന മെഴ്സിഡസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയിലാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോണ്ടിച്ചേരിയില്‍ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ തനിക്ക് അമല പോളിനെ അറിയില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞതായി ഒരു സ്വകാര്യ ചാനലിന്റെ അന്വേഷണത്തില്‍ വെളിപ്പെട്ടു.

സംഭവത്തോട് അമല പോളിന്റെ പ്രതികരണം അറിവായിട്ടില്ല. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയുടെ നികുതി നടി വെട്ടിച്ചതായാണ് സൂചന.

കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന്‍ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം.

ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വാഹനമോടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്ട്രേഷന്‍ എടുത്താല്‍ മതിയാവും. രജിസ്ട്രേഷന്‍ മാറ്റാതെയോ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.

കഴിഞ്ഞദിവസം, എല്‍ഡിഎഫ് ജനജാഗ്രത യാത്രയ്ക്കിടെ കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച, ഫൈസല്‍ കാരാട്ടിന്റെ മിനി കൂപ്പര്‍ കാറിന് നിയമാനുസൃത റോഡ് നികുതി ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം റജിസ്റ്റര്‍ ചെയ്തതിലൂടെ ഏകദേശം പത്ത് ലക്ഷം രൂപയോളം നികുതി വെട്ടിച്ചതായാണ് പരാതി.

Top