പൊലീസ് സംരക്ഷണം തേടി അമല്‍ജ്യോതി കോളേജ്; പ്രവര്‍ത്തനം തടസപെടുത്തുന്നുവെന്ന് ഹര്‍ജി

കോട്ടയം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം നടന്ന കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് പൊലീസ് സംരക്ഷണം തേടി. കോളേജ് അധികൃതരാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുടെയും തുടര്‍സംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹര്‍ജി. കോളേജിന്റെ പ്രവര്‍ത്തനം തടസപെടുത്തുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നത്.

അതിനിടെ, ആത്മഹത്യ ചെയ്ത ശ്രദ്ധ എന്ന വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. എന്നാല്‍ ആത്മഹത്യയുടെ കാരണത്തെ കുറിച്ചുളള സൂചനകളൊന്നും കത്തില്‍ ഉണ്ടായിരുന്നില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഇതുവരെ കേട്ടു കേള്‍വി ഇല്ലാതിരുന്ന ആത്മഹത്യക്കുറിപ്പിനെ പറ്റി ഇപ്പോള്‍ പൊലീസ് പറയുന്നതില്‍ ദുരൂഹത ഉണ്ടെന്ന സംശയമാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നത്. ആത്മഹത്യ കുറിപ്പ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കണ്ടെത്തിയത് ആത്മഹത്യാക്കുറിപ്പ് അല്ലെന്നും ശ്രദ്ധ മുമ്പ് എഴുതിയ ഒരു കുറിപ്പ് മാത്രമാണ് അതെന്നും കുടുംബം പറഞ്ഞു.

ഇക്കഴിഞ്ഞ വെളളിയാഴ്ച രാത്രിയാണ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ ശ്രദ്ധ സതീഷ് എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. പിന്നാലെ വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ക്യാമ്പസില്‍ ഉണ്ടായി. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് ശ്രദ്ധ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു എന്ന കാര്യം പൊലീസ് വ്യക്തമാക്കുന്നത്. ഞാന്‍ പോകുന്നു എന്നു മാത്രമാണ് കത്തില്‍ എഴുതിയിരുന്നതെന്നും ആത്മഹത്യയുടെ കാരണത്തിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകളൊന്നും കത്തില്‍ ഉണ്ടായിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോട്ടയം എസ്പി കെ കാര്‍ത്തിക് വെളിപ്പെടുത്തി.

എന്നാല്‍ ആത്മഹത്യയ്ക്ക് ശേഷം ഇതുവരെയായും ഇത്തരമൊരു കത്തിനെ പറ്റി പൊലീസോ മാനേജ്‌മെന്റോ പറഞ്ഞിരുന്നില്ലെന്ന് അമല്‍ ജ്യോതി കോളജിലെ ശ്രദ്ധയുടെ സഹപാഠികള്‍ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കത്തിനെ പറ്റിയുളള വിവരങ്ങള്‍ പുറത്തുവന്നതിനെ സംശയത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ കാണുന്നതും. ആത്മഹത്യയുടെ കാരണങ്ങള്‍ എഴുതാതെയാണ് ശ്രദ്ധ കത്ത് എഴുതിയിരുന്നത് എന്ന വെളിപ്പെടുത്തല്‍ മാനേജ്‌മെന്റിനെ രക്ഷിക്കാനാണോ എന്ന സംശയവും വിദ്യാര്‍ഥികള്‍ പങ്കുവച്ചു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കത്തിലെ വിവരങ്ങളടക്കം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ക്യാമ്പസില്‍ സര്‍വകലാശാല നിയമങ്ങളുടെ ലംഘനം നടക്കുന്നുണ്ടെന്ന നിഗമനവുമായി കേരള സാങ്കേതിക സര്‍വകലാശാല നിയമിച്ച രണ്ടംഗ സമിതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

 

Top