അമരീന്ദറിന്റെ ‘ഡീല്‍’ വഴങ്ങി മോദി; പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ സഖ്യം !

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ഉറപ്പിച്ച് അമരീന്ദര്‍ സിങ്. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചതോടെ സീറ്റ് വിഭജനത്തിലെ തടസം മാറിയെന്ന് അമരീന്ദര്‍ അറിയിച്ചു.

കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ അമരീന്ദര്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ മാസമാണ് തന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം അമരീന്ദര്‍ നടത്തിയത്. ബി.ജെ.പി യുമായി സഖ്യത്തിന് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സഖ്യത്തിന് തയ്യാറാവില്ലെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ തവണ പഞ്ചാബില്‍ 23 സീറ്റുകളില്‍ ശിരോമണി അകാലിദളുമായി ചേര്‍ന്നാണ് ബി.ജെ.പി മത്സരിച്ചത്. അന്ന് വെറും 3 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പി ക്ക് നേടാനായത്. ശിരോമണി അകാലിദളുമായി ബന്ധം വേര്‍പ്പെട്ടതോടെ സംസ്ഥാനത്തെ 117 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. അമരീന്ദര്‍ തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ ബി.ജെ.പി നേതാക്കള്‍ അമരീന്ദറുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു.

അമിത് ഷായെ സന്ദര്‍ശിച്ച അമരീന്ദര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും പഞ്ചാബ് ലോക് കോണ്‍ഗ്രസുമായുള്ള സഖ്യം ഏറെക്കുറെ ഉറപ്പായി. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അഞ്ച്മാസം മാത്രമാണ് ബാക്കിയുള്ളത്.

ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണായക പ്രഖ്യാപനം.

Top