പുതിയ പാര്‍ട്ടി ഓഫീസ് തുറന്നു; ബിജെപിയുമായി സഖ്യം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അമരീന്ദര്‍

ചണ്ഡിഗഢ്: കോണ്‍ഗ്രസ് വിട്ട് ഒരു മാസത്തിന് ശേഷം ചണ്ഡിഗഢില്‍ പുതിയ പാര്‍ട്ടി ഓഫീസ് തുറന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് തന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് മത്സരിക്കുമെന്നും, സഖ്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ സീറ്റ് വിഭജനത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറയാന്‍ തയ്യാറായില്ല.

പഞ്ചാബ് ലോക് കോണ്‍ഗ്രസും, സുഖ്‌ദേവ് ദിന്‍ഡ്‌സയുടെ പാര്‍ട്ടിയും, ബിജെപിയും തമ്മില്‍ കൃത്യമായ സീറ്റ് വിഭജനം ഉണ്ടാകും. എന്നാല്‍ എത്രയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, എല്ലാ സഖ്യകക്ഷികളും ഒറ്റക്കെട്ടായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

മൂന്ന് തവണ മുഖ്യമന്ത്രിയായ അമരീന്ദര്‍ സിംഗ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 1980-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് 14 ദിവസം മുമ്പ് തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ ആവശ്യപ്രകാരം അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതോടെയാണ് അദ്ദേഹം പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ബിജെപിയുമായി സഖ്യത്തിലാകണമെങ്കില്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നായിരുന്നു അമരീന്ദറിന്റെ വ്യവസ്ഥ.

Top