ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയെ കടന്നാക്രമിച്ച് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. മീടു ആരോപണം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഛന്നി കാലുപിടിച്ചെന്നാണ് അമരീന്ദര്‍ സിംഗ് പറയുന്നത്. അതേസമയം തനിക്കെതിരായ വ്യാജപ്രചാരണത്തില്‍ അരവിന്ദ് കെജരിവാളിനെതിരെ കേസ് നല്‍കുമെന്ന് ചരണ്‍ജിത്ത് സിങ്ങ് ഛന്നി അറിയിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പുതിയ ആരോപണം പുറത്ത് വിടാനൊരുങ്ങുകയാണ് ശിരോമണി അകാലിദള്‍.
ചരണ്‍ജിത്ത് സിംഗ് ഛന്നിക്കെതിരെ 2018ല്‍ ഉയര്‍ന്ന മീടു ആരോപണം വീണ്ടും ചര്‍ച്ചയാക്കുകയാണ് അമരീന്ദര്‍ സിംഗ്. ഐഎഎസ് ഉദ്യോഗസ്ഥ ഉന്നയിച്ച ആരോപണത്തില്‍ പിന്നീട് ഛന്നി മാപ്പ് പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് ഛന്നിക്ക് അനൂകൂലനിലപാടാണ് സ്വീകരിച്ചത്. പ്രശ്‌നം പരിഹരിക്കണമെന്ന് ആഭ്യര്‍ത്ഥിച്ച ഛന്നി തന്റെ കാല് പിടിച്ചെന്നും പിന്നീട് താന്‍ ഇടപെട്ട് വിഷയങ്ങള്‍ പരിഹരിച്ചെന്നുമാണ് ക്യാപ്റ്റന്‍ പറയുന്നത്. ജീവിതംകാലം മുഴുവന്‍ തന്നോട് നന്ദികാണിക്കുമെന്ന് പറഞ്ഞ ചരണ്‍ജിത്ത് സിങ്ങ് ഛന്നി പിന്നീട് തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും അമരീന്ദര്‍ ആരോപിക്കുന്നു.
മീടു ആരോപണത്തില്‍ പഞ്ചാബ് വനിതാ കമ്മീഷന്‍ കേസ് എടുത്തിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. എന്നാല്‍ അമരീന്ദറിന്റെ പുതിയ ആരോപണത്തില്‍ ഛന്നി ഇതുവരെ പ്രതികരിച്ചിട്ടില്ല. നോട്ട് കെട്ടുകളുമായി നില്‍ക്കുന്ന ചരണ്‍ ജിത്ത് സിംഗ് ഛന്നിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിനെതിരെയാണ് കെജരിവാളിനെതിരെ ഛന്നി രംഗത്തെത്തിയത്. കെജരിവാള്‍ മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചെന്ന് ഛന്നി ആരോപിച്ചു. പാര്‍ട്ടിയുമായി ആലോചിച്ച് കെജരിവാളിനെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്ന് ഛന്നി വ്യക്തമാക്കി.