ന്യൂഡല്‍ഹി: സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനന്നെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദര്‍ സിംഗ് ഉപാധി വെച്ചു. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നാണ് അമരീന്ദര്‍ സിംഗിന്റെ വാഗ്ദാനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു.
പുതിയ പാര്‍ട്ടി രൂപീകരണത്തിനുള്ള അമരീന്ദര്‍ സിംഗിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദര്‍ കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാന്‍ഡ് ഇപ്പോഴും തുടരുകയാണ്.