ശ്രീനഗര്‍: നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ് അതിനാല്‍ സുരക്ഷയുടെ ആവശ്യമില്ല, നിങ്ങളെ ആക്രമിക്കാനും പദ്ധതിയില്ലെന്നും അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ സന്ദേശം.
അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരെ ഭീകരര്‍ ആക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ ശക്തമായ സുരക്ഷയാണ് തീര്‍ത്ഥയാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഇതിനിടെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിയല്ലെന്നും യാത്രക്കാരെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും ഓഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് അഹമ്മദ് നായ്ക്കൂ എന്നയാളുടെ സന്ദേശമാണ് ഇതെന്നാണ് കരുതുന്നത്. 15 മിനിട്ട് നേരമുള്ള ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെയാണ് വലിയ തോതില്‍ പ്രചരിക്കുന്നത്.
തീര്‍ത്ഥാടകര്‍ അവരുടെ മതപരമായ ബാധ്യത നിറവേറ്റാനാണ് വരുന്നത്. ഇത്തരക്കാര്‍ക്കെതിരെ ഞങ്ങള്‍ മുന്‍കാലത്തും ആക്രമം നടത്തിയിട്ടില്ല. ഞങ്ങളുടെ പോരാട്ടം ഇത്തരം തീര്‍ത്ഥാടകര്‍ക്കെതിരേയല്ല. മറിച്ച് സാധാരണ ജനങ്ങള്‍ക്കെതിരേ നടത്തുന്ന ആക്രമങ്ങള്‍ക്കെതിരേയാണ് പോരാട്ടം. അവര്‍ക്കെതിരേ തോക്കെടുക്കുന്നവര്‍ക്കെതിരേയാണ് ഞങ്ങളുടെ പോരാട്ടം. ഇങ്ങനെ പോവുന്നു ഓഡിയോ സന്ദേശം.
വ്യാഴാഴ്ചയാണ് ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ തീര്‍ത്ഥാടന യാത്രയ്ക്കിടെ നടന്ന ആക്രമത്തിനിടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.