amarsingh statement about samaj vadhi party

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ നടക്കുന്നത് പാര്‍ട്ടി സ്ഥാപകന്‍ മുലായംസിങ്ങിന്റെ നാടകമാണെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാംഗം അമര്‍സിങ്ങ്.

മകന്‍ അഖിലേഷ് യാദവിന്റെ ഭരണത്തിനെതിരായുള്ള ജനവികാരത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള മുലയാത്തിന്റെ പദ്ധതിയാണ് നടക്കുന്നത്.

ഇതിലൂടെ അഖിലേഷിനെ ഭരണത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാണ് മുലായത്തിന്റ ശ്രമം. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമര്‍സിങ്ങ് പ്രതികരിച്ചത്.

സമാജ്‌വാദി പാര്‍ട്ടി, മകന്‍ അഖിലേഷ്, സൈക്കിള്‍ ചിഹ്നം എന്നിവ മുലായത്തിന്റെ ബലഹീനതയാണ്. അത് നിലനിര്‍ത്താന്‍ മുലായം എന്തിനും തയ്യാറാവുമെന്നും അമര്‍സിങ് പറഞ്ഞു. വോട്ടെടുപ്പിന്റെ അന്ന് പോലും അഖിലേഷ് യാദവും മുലായം സിങ്ങും ഒരുമിച്ചാണ്. പിന്നെന്തിനാണ് ജനങ്ങള്‍ക്ക് മുന്നില്‍ ഈ നാടകമെന്നും അമര്‍സിങ്ങ് ചോദിച്ചു.

സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യം മുലായത്തിന്റെ അറിവോടു കൂടിയാണ്. സഖ്യത്തിന് മുലായം എതിരായിരുന്നെങ്കില്‍ പ്രിയങ്കാ ഗാന്ധിയുമായുമായുള്ള നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് അദ്ദേഹം തയ്യാറാവുമായിരുന്നില്ല. മുലായത്തിന്റെ നാടകത്തിലെ കഥാപാത്രമായി ഓരോരുത്തരും മാറുകയാണെന്നും അമര്‍സിങ്ങ് കൂട്ടിച്ചേര്‍ത്തു.

Top