ആമസോണിനെ പ്രതിരോധത്തിലാഴ്ത്തി ജീവനക്കാർ

amazone

വാഷിങ്ടണ്‍:ആമസോണിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി ജീവനക്കാര്‍. ഇസ്രയേൽ സൈന്യവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നാണ് ജീവനക്കാർ ആമസോണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആമസോണ്‍ വെബ് സര്‍വീസസ് ഇസ്രയേലുമായി 120 കോടി ഡോളറിന്റെ കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ആമസോണിലെ ജീവനക്കാര്‍ ഈ ആവശ്യമുയര്‍ത്തി മുന്നോട്ട് വന്നത്.  ജെഫ് ബെസോസ്, ആന്‍ഡി ജാസ്സി, എക്‌സിക്യൂട്ടീവ് ടീം എന്നിവര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച്  600 ജീവനക്കാര്‍ ഒപ്പിട്ട കത്ത് നൽകി.

ഇസ്രയേൽ സൈന്യത്തെ പോലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പങ്കാളികളായ കമ്പനികളുമായും സംഘടനകളുമായും സര്‍ക്കാരുകളുമായുള്ള വ്യാപാര കരാറുകളും കോര്‍പ്പറേറ്റ് സംഭാവനകളും പുനരവലോകനം ചെയ്യാനും വിച്ഛേദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ടെല്‍ അവീവ്, ഹൈഫ ഓഫിസുകളിലും ലോകമെമ്പാടുമുള്ള മറ്റിടങ്ങളിലെ ആമസോണ്‍ ഓഫിസുകളിലും പലസ്തീനികള്‍ പണിയെടുക്കുന്നുണ്ട്. എന്നാല്‍, പലസ്തീനികളും തങ്ങളുടെ സഹപ്രവര്‍ത്തകരും അനുഭവിക്കുന്ന ദുരിതങ്ങള്‍ അവഗണിക്കുന്നത് നീതീകരണമല്ലെന്നും ജീവനക്കാർ പ്രതികരിച്ചു.

തങ്ങളുടെ തൊഴിലുടമ ഇസ്രയേലുമായി ഒരു കോടി ഡോളറിന്റെ കരാറില്‍ ഒപ്പിട്ടത് ആശങ്കയുളവാക്കുന്നതാണെന്നും അതില്‍ ഇസ്രയേല്‍ സര്‍ക്കാരിനും ഇസ്രയേല്‍ സൈന്യത്തിനും അടുത്ത ഏഴു വര്‍ഷത്തേക്ക് സേവനങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ആമസോണ്‍ ജീവനക്കാരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Top