രണ്ടു വര്‍ഷത്തില്‍ ആമസോണ്‍ ഇന്ത്യ നിയമ കാര്യങ്ങള്‍ക്കായി ചെലവാക്കിയത് 8,546 കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു സാമ്പത്തികവര്‍ഷത്തില്‍ ആമസോണ്‍ ഇന്ത്യ നിയമ കാര്യങ്ങള്‍ക്കായി ചെലവാക്കിയത് 8,546 കോടി രൂപ. ആമസോണ്‍ ഇന്ത്യയുടെ നിയമകാര്യ വിഭാഗത്തിന്റെ പ്രതിനിധികള്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവന്നിരിക്കുന്നത്.

രാജ്യത്തെ ഇ- കൊമേഴ്‌സ് രംഗത്ത് പ്രവര്‍ത്തനം ഉറപ്പിക്കാന്‍ വേണ്ടി നിയമകാര്യ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് കോടതി കാര്യങ്ങള്‍ക്കായി ചെലവാക്കിയ പണത്തിന്റെ കണക്ക്.

2018 മുതല്‍ 2020 വരെയാണ് ഇത്രയും തുക ചെലവാക്കിയത്. 2018-19 കാലത്ത് 3420 കോടിയും തൊട്ടടുത്ത വര്‍ഷം 5126 കോടി രൂപയുമാണ് ചെലവ്. ആമസോണ്‍ ഇന്ത്യ ലിമിറ്റഡ്, ആമസോണ്‍ റീടെയില്‍ പ്രൈവറ്റ് ലിമിറ്റഡ്, ആമസോണ്‍ സെല്ലര്‍ സര്‍വീസസ്, ആമസോണ്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സര്‍വീസസ്, ആമസോണ്‍ ഹോള്‍സെയില്‍ പ്രൈവറ്റ് ലിമിറ്റഡ്, ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് എന്നീ ആറ് കമ്പനികളുടെയും ആകെ നിയമകാര്യ ചെലവാണിത്.

Top