അല്‍ഐന്‍: ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രവാസിക്ക് ലഭിച്ചത് മാര്‍ബിൾ കഷണം. ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയ തൃശൂര്‍ സ്വദേശി ലിജോ ജോസ് പല്ലിശേരിക്കാണ് മാര്‍ബിൾ ലഭിച്ചത്.
സെപ്റ്റംബര്‍ 30നാണ് ലിജോ ഐഫോണ്‍ 12 ബുക്ക് ചെയ്തത്. ഒക്‌ടോബര്‍ രണ്ടിന് ഫോണ്‍ എത്തി. 4425.75 ദിര്‍ഹം നല്‍കിയാണ് ഫോണ്‍ കൈപ്പറ്റിയത്. വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. ഉടന്‍ ഡെലിവറി ബോയിയെ ബന്ധപ്പെടുകയും രണ്ടു ദിവസങ്ങള്‍ക്കകം മൊബൈലോ പണമോ തിരികെ എത്തിക്കാം എന്ന ഉറപ്പില്‍ ഡെലിവറി ബോയിയെ പറഞ്ഞയക്കുകയും ചെയ്തു.
തൊട്ടടുത്തദിവസം മറ്റൊരാള്‍ എത്തി മാര്‍ബ്ള്‍ കഷ്ണം തിരികെ വാങ്ങി. തുടര്‍ന്ന് ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ എല്ലാം പരിഹരിക്കാമെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍, ഇതുവരെ മൊബൈലൊ പണമൊ തിരികെ ലഭിച്ചിട്ടില്ല. ഉടന്‍ പരിഹാരമാകുമെന്ന് പ്രതീക്ഷയില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍, പ്രശ്‌നം പരിഹരിക്കാത്തതിനാല്‍ പരാതി നല്‍കാനാണ് തീരുമാനം. സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ് ലിജോ ജോസ്.
നേരത്തെ ഐഫോണിന് പകരം സോപ്പ് കിട്ടിയ ഉപഭോക്താവിന് ആമസോൺ മുഴുവൻ തുകയും തിരിച്ചു നൽകിയിരുന്നു.