ആമസോൺ വെസ്റ്റ്ലാൻഡ് ബുക്സ് അടച്ചു പൂട്ടുന്നു

മസോൺ തങ്ങളുടെ പ്രസാധനശാലയായ വെസ്റ്റ്ലാൻഡ് ബുക്സ് അടച്ച് പൂട്ടാനൊരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ഭാഷ പുസ്തക പ്രസാധകരിൽ ഒന്നാണ് വെസ്റ്റ്ലാൻഡ് ബുക്സ്. 2016ലാണ് ആമസോൺ ഇന്ത്യ വെസ്റ്റ്ലാൻഡ് ബുക്സ് സ്വന്തമാക്കിയത്.

” വിശദമായ ആലോചനകൾക്ക് ശേഷം വെസ്റ്റ്ലാൻഡ് ബുക്സിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള വിഷമകരമായ തീരുമാനത്തിലേക്ക് ഞങ്ങളെത്തിയിരിക്കുകയാണ്. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് ഞങ്ങൾ എഴുത്തുകാർ, ഏജന്റുമാർ, തൊഴിലാളികൾ, വിതരണക്കാർ എന്നിവരുമായി നിരന്തരം ആശയവിനിമയം പുലർത്തി വരികയാണ്. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി നവീനമായനുഭവങ്ങൾ നൽകുന്നതിൽ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്.” ആമസോൺ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ടാറ്റയുടെ ഉപസ്ഥാപമായിരുന്ന ട്രെന്റ് ലിമിറ്റഡിൽ നിന്നും 2016 ൽ ഈസ്റ്റ് വെസ്റ്റ് ബുക്സ് സ്വന്തമാക്കി വെസ്റ്റ്ലാൻഡ് ബുക്സ് എന്ന് പേരുമാറ്റുകയായിരുന്നു. ഇന്നു രാവിലെ തികച്ചും അപ്രതീക്ഷിതമായി വന്ന കമ്പനിയുടെ തീരുമാനത്തെ ഞെട്ടലോടെയാണ് പുസ്തകാസ്വാദകർ സ്വീകരിച്ചത്. കൃസ്റ്റഫർ ജഫ്രലോട്ട്, ആകാർ പട്ടേൽ, ജോസി ജോസഫ്, മനു പിള്ള, ഹർഷ ബോഗ്ലെ തുടങ്ങിയവരുടെ പുസ്തകങ്ങൾ വെസ്റ്റ്ലാൻഡ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിത റാവുവിന്റെ ‘ലേഡി ഡോക്ടർസ്’, എസ്. രാജശേഖറുടെ ‘ഡിസ്‌പൈറ്റ് ദി സ്റ്റേറ്റ്’, നളിൻ മേഹ്തയുടെ ‘ദി ന്യൂ ബി.ജെ.പി’, ജോസി ജോസഫിന്റെ ‘ദി സൈലന്റ് കൂപ്പ്’ തുടങ്ങിയവയാണ് വെസ്റ്റ്ലാൻഡ് ബുക്സ് അവസാനമായി പുറത്തിറക്കിയ പുസ്തകങ്ങൾ.

Top