ആമസോണിലെ കൂട്ടപിരിച്ചുവിടൽ അടുത്ത വർഷം വരെ നീളുമെന്ന് റിപ്പോർട്ട്. സിഇഒ ആൻഡി ജാസി തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടലിനെക്കുറിച്ച് കമ്പനി തന്നെ തങ്ങളുടെ ജീവനക്കാരോട് പറഞ്ഞതായാണ് റിപ്പോർട്ട് പറയുന്നത്.
കമ്പനി വിടുന്ന ജീവനക്കാർക്ക് ആമസോൺ സെവേറൻസ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള “കോർപ്പറേറ്റ് ആന്റ് ടെക്നോളജി”യിലെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു. കൊവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന. നേരത്തെ ആമസോണിന് ഒരു ലക്ഷം കോടി ഡോളർ അഥവാ ഇന്ത്യൻ രൂപ ഏകദേശം 81 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നിരുന്നു. ഇത്രയും തുകയുടെ നഷ്ടമുണ്ടാകുന്ന ആദ്യത്തെ പൊതുമേഖലാ കമ്പനിയെന്ന റെക്കോർഡ് ഇനി ആമസോണിന് സ്വന്തം.