‘വിപണിമൂല്യം’ ആദ്യമായി ഗൂഗിളിനെ പിന്നിലാക്കി ആമസോണ്‍

amazone

ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ തന്നെ ആദ്യമായി വിപണിമൂല്യത്തില്‍ ഗൂഗിളിനെ പിന്നിലാക്കി ആമസോണ്‍. യുഎസില്‍ ലിസ്റ്റ് ചെയ്ത് കമ്പനികളുടെ വിപണിമൂല്യത്തിന്റെ കാര്യത്തിലാണ് ആമസോണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. ആമസോണിന്റെ ഓഹരി വില 2.69 ശതമാനം ഉയര്‍ന്ന് 1,586.51 ഡോളറിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. അതോടെ കമ്പനിയുടെ വിപണിമൂല്യം 768 ബില്യണ്‍ ഡോളറായി.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ആമസോണിന്റെ ഓഹരി വിലയിലെ കുതിപ്പ് 81 ശതമാനമാണ്. കംപ്യൂട്ടര്‍ ഓപ്പറേഷന്‍സില്‍നിന്ന് ക്ലൗഡിലേയ്ക്കുള്ള കമ്പനിയുടെ മാറ്റം അടുത്തയിടെ വിപണിയില്‍ കമ്പനിയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്തു.
വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ആപ്പിളാണ് ലോകത്തില്‍തന്നെ ഒന്നാം സ്ഥാനത്തുള്ളത്. 899 ബില്യണ്‍ യുഎസ് ഡോളറാണ് കമ്പനിയുടെ മൂല്യം.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന്റെ ഓഹരി വിലയില്‍ 0.39 ശതമാനം നഷ്ടമുണ്ടാകകുകയും, അതോടെ ഗൂഗിളിന്റെ വിപണി മൂല്യം 762 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു.

വരിക്കാരുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണം പുറത്തുവന്നതിനെതുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞദിവസം കുത്തനെ താഴ്ന്നിരുന്നു.

Top