മുംബൈ: ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനങ്ങളായ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കടിഞ്ഞാണിടാന്‍ ആമസോണ്‍ മുന്നിട്ടിറങ്ങുന്നു. ആമസോണിന്റെ ഭക്ഷണ വിതരണ സംവിധാനം വൈകാതെ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖല കൈയാളുന്നത് സൊമാറ്റോയും സ്വിഗ്ഗിയുമാണ്.
ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ഇന്ത്യയിലെ കാത്തമാരന്‍ കമ്പനിയുമായി ധാരണയായിട്ടുണ്ട്. ജീവനക്കാരെ നിയമിച്ചു തുടങ്ങിയതായും ഉത്സവകാലം ആരംഭിക്കുന്ന സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നുമാണ് വിവരം.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയുമാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയുടെ അമരത്തുള്ളത്. നാസ്‌പേഴ്‌സിന്റെയും സെന്‍സെന്റിന്റെയും നിക്ഷേപം സ്വിഗ്ഗിക്കുള്ളപ്പോള്‍ സെക്വോയാ ആണ് സൊമാറ്റോയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇന്ത്യ കൂടാതെ യുഎഇ, പോര്‍ച്ചുഗല്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ലെബനന്‍, തുര്‍ക്കി, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് സൊമാറ്റോ ബിസിനസ് വിപുലീകരിച്ചു. ഈ കമ്പനികളുടെ മുന്നില്‍ കാര്യമായ സ്ഥാനമുറപ്പിക്കാന്‍ ഊബര്‍ ഈറ്റ്‌സിനു കഴിഞ്ഞിട്ടില്ല. ഒലയുടെ ഫുഡ് പാണ്ടയുടെ കാര്യവും വിഭിന്നമല്ല.