അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ച: ജി സുധാകരനെതിരെ അന്വേഷണം

ആലപ്പുഴ: മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരായ അന്വേഷണത്തിന് സിപിഎം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ ജി. സുധാകരന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റി രണ്ടംഗം കമ്മീഷനെ നിയോഗിച്ചതിന് ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി. എളമരം കരീമും കെ ജെ തോമസും ഈ മാസം 25 ന് ആലപ്പുഴയില്‍ എത്തി അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ അന്വേഷണം തുടങ്ങും.

അമ്പലപ്പുഴയിലെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു, സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണം വന്നപ്പോള്‍ മൗനം പാലിച്ചു, പാര്‍ട്ടിയെ വെല്ലുവിളിച്ച് വാര്‍ത്താസമ്മേളനം നടത്തി തുടങ്ങിയവയായിരുന്നു സുധാകരനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കമ്മിറ്റിയില്‍ മൗനം പാലിക്കുകയായിരുന്നു സുധാകരന്‍. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലത്തെ സ്‌കൂള്‍ ഫണ്ട് തിരിമറിയിലും സിപിഐഎം വിശദീകരണം തേടി. സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണവും സുധാകരനെതിരെ ഉണ്ടായിരുന്നു. വിഷയത്തില്‍ വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതോടെ സുധാകര പക്ഷം നേതാക്കളായ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവനോടും ഏരിയാ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരന്‍ എന്നിവരോടും പാര്‍ട്ടി വിശദീകരണം തേടി.

ഈ മാസം 25ന് കമ്മിഷന്‍ ആലപ്പുഴയിലെത്തും. ആ സമയത്ത് കമ്മിഷന് മുന്നില്‍ തെളിവുകള്‍ നിരത്തി സുധാകരന്‍ തന്റെ നിലപാടുകള്‍ വിശദീകരിക്കുമെന്നാണ് സൂചന. എതിര്‍ചേരിയില്‍ നില്‍ക്കുന്ന ചിലരുടെ മാത്രം വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുത്തുകൊണ്ട് അന്വേഷണ കമ്മിഷനെ നിയോഗിച്ചെന്ന വികാരം സുധാകരനുണ്ട്.

Top