ഒരു ദിവസത്തെ ആഹാരം ലഭിക്കുന്നതിനു വേണ്ടി കേഴുന്ന കുട്ടികള്‍ ഉള്‍പ്പെടെ അനവധി പേരാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. . ഇപ്പോഴും വിശക്കുന്ന വയറിന്റെ വിശപ്പടക്കാന്‍ തെരുവില്‍ കൈ നീട്ടുന്ന ദയനീയതയുടെ അനവധി മുഖങ്ങള്‍ നമ്മുടെ തെരുവീഥികളിലുണ്ട്. വിവാഹ പ്രായം കഴിഞ്ഞിട്ടും പെണ്‍മക്കളെ വിവാഹം ചെയ്ത് അയക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത അനവധി മാതാപിതാക്കളുടെ രാജ്യം കൂടിയാണ് ഇന്ത്യ.
കേരളത്തിന്റെ അതിര്‍ത്തി കഴിഞ്ഞാലാണ് ദയനീയതയുടെ ഈ മുഖങ്ങള്‍ കൂടുതലായി നമുക്ക് മുന്നില്‍ ദൃശ്യമാവുക.
രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് അവകാശപ്പെടുമ്പോഴും പട്ടിണി പാവങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും ഈ സംസ്ഥാനങ്ങളില്‍ വലിയ മാറ്റം കാണാന്‍ സാധിക്കുന്നതല്ല.
ഇത്തരം ദരിദ്രരും പട്ടിണി പാവങ്ങളും ഉള്ള ഇന്ത്യയിലാണ് 720 കോടി രൂപ ചിലവിട്ട് സ്വന്തം മകളുടെ ആര്‍ഭാട കല്യാണം മുകേഷ് അംബാനി നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ചിലവേറിയതായി കരുതപ്പെടുന്ന ഈ വിവാഹം ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സിന്റെയും ഡയനായയുടെയും 37 വര്‍ഷം മുന്‍പ് നടന്ന വിവാഹത്തോടാണ് മാധ്യമങ്ങള്‍ താരതമ്യം ചെയ്യുന്നത്.
സ്വന്തം മകളുടെ വിവാഹം ഏറ്റവും മികച്ച രീതിയില്‍ നടത്തണമെന്ന മുകേഷ് അംബാനിയിലെ പിതാവിന്റെ താല്‍പ്പര്യം അംഗീകരിക്കുന്നു. എന്നാല്‍, അംബാനിയിലെ കച്ചവടക്കാരന്‍ വിവാഹ കമ്പോളത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.
അംബാനിമാര്‍ ആയാലും പാവപ്പെട്ടവരായാലും ആയുഷ്‌ക്കാലത്തില്‍ സമ്പാദിക്കുന്നത് ഒന്നും തന്നെ ജീവിതാന്ത്യത്തില്‍ എവിടെയ്ക്കും കൊണ്ടു പോകുന്നില്ലെന്നത് ഓര്‍ക്കണം. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് ഹീരാചന്ദ് അമ്പാനി പെട്രോള്‍ പമ്പില്‍ ജോലിക്കാരനായും മറ്റും വളരെ കഷ്ടപ്പെട്ടാണ് ബിസിനസ്സ് സാമ്രാജ്യം കെട്ടിപടുത്തത്. ആ കഷ്ടപാടിന്റെ ഉല്‍പ്പന്നത്തില്‍ നിന്നാണ് മുകേഷ് അംബാനിയും സഹോദരന്‍ അനില്‍ അംബാനിയും ബിസിനസ്സ് സാമ്രാജ്യം വളര്‍ത്തിയെടുക്കുന്നത്. റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ സാന്നിധ്യം ഇതിനകം തന്നെ വിവാദമായി കഴിഞ്ഞു.
ഏതു സര്‍ക്കാറുകള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാലും അവര്‍ അംബാനിമാര്‍ ഉള്‍പ്പെടെയുള്ള ബിസിനസ്സ് രാജാക്കന്‍മാര്‍ക്ക് വേണ്ടപ്പെട്ടവരായി മാറും. അത് മോദിയായാലും മന്‍മോഹന്‍ സിങ് ആയാലും ഇനി രാഹുല്‍ ഗാന്ധി ആയാലും അങ്ങനെ തന്നെ ആയിരിക്കും.
രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയില്‍ അംബാനിമാര്‍ നല്‍കിയ സംഭവാനകള്‍ മുഖവിലക്കെടുക്കുമ്പോള്‍ തന്നെ ചില തെറ്റായ സന്ദേശങ്ങള്‍ അവര്‍ നല്‍കുന്നതിനെ ചോദ്യം ചെയ്യാതിരിക്കാനുമാവില്ല.
മകളുടെ കുടുംബത്തിനായി ഇവിടെ മുകേഷ് അംബാനി പൊടിച്ച കോടികളുടെ കണക്ക് കേട്ട് ജീവിതത്തില്‍ ഒരിക്കല്‍ പോലും വാ കൊണ്ടു പോലും ഈ സംഖ്യ പറയാത്ത ജനകോടികളാണ് അന്തം വിട്ടിരിക്കുന്നത്.
മകള്‍ ഇഷയുടെ രാജകീയ വിവാഹാഘോഷത്തിന്റെ ഭാഗമായി രാജസ്ഥാനിലെ തടാക നഗരമായ ഉദയ്പുരില്‍ വന്‍ തുക പൊടിച്ച് പോപ് താരം ബിയോണ്‍സിന്റെ ഗംഭീര സംഗീത പ്രകടനമാണ് നടന്നത്.
യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും ബോളിവുഡില്‍നിന്ന് ആമിര്‍ ഖാന്‍, കിരണ്‍ റാവു, പ്രിയങ്ക ചോപ്ര -നിക്ക് ജൊനാസ്, അഭിഷേക് ബച്ചന്‍ -ഐശ്വര്യ റായി ജോഡികളും സല്‍മാന്‍ ഖാന്‍, വിദ്യ ബാലന്‍ എന്നിവരും ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും ലക്ഷ്മി മിത്തല്‍ അടക്കമുള്ള വന്‍ വ്യവസായികളും ആഘോഷങ്ങള്‍ക്കായി ആദ്യം എത്തിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. 1200 അതിഥികളാണ് ആകെയുള്ളത്. വ്യവസായിയായ ആനന്ദ് പിരമല്‍ ആണ് ഇഷയുടെ വരന്‍.
വിമാനപ്പറക്കലിലും അമ്പാനിയുടെ മകളുടെ കല്യാണം പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1007 തവണ വിമാനങ്ങളുടെ സാന്നിധ്യം കൊണ്ട് റെക്കോര്‍ഡ് സ്ഥാപിക്കുന്നതിലല്ല, പാവങ്ങളുടെ കണ്ണീരൊപ്പുന്ന നടപടികളിലൂടെയാണ് മുകേഷ് അംബാനി മാതൃകയാകേണ്ടിയിരുന്നത്.
രാജ്യത്തെ ഈ ഏറ്റവും വലിയ ധനികന് പാവങ്ങളുടെ വീടുകളിലെ യുവതികളുടെ മംഗല്യത്തിനായി തന്നാല്‍ ആവുന്ന ഒരു ചെറിയ സഹായം പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അതാകുമായിരുന്നു ഒരു പക്ഷേ മകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ അനുഗ്രഹം.
ചാര്‍ട്ടേഡ് വിമാനത്തില്‍ വന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ആര്‍ഭാട പന്തലില്‍ ആശംസ ചൊരിയുന്നവരേക്കാള്‍ തെരുവിലെ പിടയുന്ന മനസ്സുകളില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥനകള്‍ക്കാണ് ഫലമുണ്ടാകുക എന്നോര്‍ക്കുക.
സ്ത്രീധനത്തിനെതിരെ പോരാടുന്ന മനസ്സുകള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ് അംബാനി കുടുംബത്തിന്റെ ധൂര്‍ത്ത്. പ്രത്യേകിച്ച് ലോകം മുഴുവന്‍ അറിയണമെന്ന ആഗ്രഹത്തോടെ നടത്തുന്ന ഈ ഏര്‍പ്പാടിനെ ബിസിനസ്സ് താല്‍പ്പര്യമായേ കാണാന്‍ പറ്റൂ.
ഇവിടെയാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലമില്ലാത്ത ഒരു ലോകം വിഭാവനം ചെയ്യുന്ന ചുവപ്പ് പ്രത്യേയശാസ്ത്രത്തെ നാം ആഗ്രഹിച്ചു പോവുക.