സ്വകാര്യത, ക്രിപ്റ്റോ കറൻസി ബില്ലുകളെ പിന്തുണച്ച് അംബാനി; ബ്ലോക്ക് ചെയിനിൽ വിശ്വാസം

ന്ത്യ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഡേറ്റാ സ്വകാര്യതാ ബില്‍, ക്രിപ്‌റ്റോകറന്‍സി നയം എന്നിവയെ പിന്തുണച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി രംഗത്തെത്തി. ഏറ്റവും പുരോഗമനപരമായ നയങ്ങളാണ് രാജ്യം മുന്നോട്ടുവയ്ക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്കാര്‍ അവരുടെ ഡേറ്റയുടെ ഉടമസ്ഥതാവകാശം കൈവശംവയ്ക്കുന്നതിനെ പിന്തുണച്ച വ്യക്തിയാണ് അംബാനി. രാജ്യത്തെ പൗരന്മാരെക്കുറിച്ചു ഡിജിറ്റലായി ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കുന്നതിനെയും അത് ഉപയോഗിക്കുന്നതിനെയും കുറിച്ചുളള നിയമങ്ങള്‍ വേണമെന്നുള്ള അഭിപ്രായക്കാരനാണ് അംബാനി. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസ് സെന്റേഴ്‌സ് അതോറിറ്റി ആതിഥേയത്വം വഹിച്ച ഇന്‍ഫിനിറ്റി ഫോറത്തിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.

‘നമ്മള്‍ ഡേറ്റാ സ്വകാര്യതാ ബില്ലും ക്രിപ്‌റ്റോകറന്‍സി ബില്ലും അവതരിപ്പിക്കാൻ പോകുകയാണ്. നമ്മള്‍ ശരിയായ പാതയിലാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ അംബാനി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇരു ബില്ലുകളും അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സിയും രാജ്യത്ത് നിരോധിച്ചേക്കുമെന്നാണ് കരുതുന്നത്. സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ പരിപൂര്‍ണമായി നിരോധിക്കണമെന്ന അഭിപ്രായമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഉള്ളത്. ഡേറ്റയും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും ഇന്ത്യയ്ക്കും മറ്റ് എല്ലാ രാജ്യങ്ങള്‍ക്കും തന്ത്രപ്രധാനമായ പ്രാധാന്യമുള്ള മേഖലകളാണ്. ഓരോ രാജ്യത്തിനും ഇത്തരത്തിലുള്ള തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നും അംബാനി പറയുന്നു. അതേസമയം, താന്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Top