ചെന്നൈ: ഭരണഘടന ശില്‍പ്പി ഡോ.ബിആര്‍ അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് ആരാധക സംഘത്തിന് നടന്‍ വിജയ് പ്രേത്യേക നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയ്ക്കാണ് നിര്‍ദേശം. ഇത് പ്രകാരം ഏപ്രില്‍ 14ന് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ ഒരോ ജില്ല കേന്ദ്രത്തിലും അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനാണ് നിര്‍ദേശം.
വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബിസി ആനന്ദ് ഇത് സംബന്ധിച്ച് സംഘടന ഭാരവാഹികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. വിജയിയുടെ ആഗ്രഹപ്രകാരമാണ് തീരുമാനം എന്നാണ് വിവരം. തന്റെ രാഷ്ട്രീയ മോഹങ്ങള്‍ ഒരിക്കലും തുറന്നു പറഞ്ഞില്ലെങ്കിലും അതിനുള്ള നീക്കങ്ങള്‍ വിജയ് തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് പുതിയ തീരുമാനം എന്നാണ് വിവരം.
അതേ സമയം വിജയിയുടെ പിന്തുണയുള്ള രാഷ്ട്രീയ സംഘടന രൂപം തന്നെയാണ് വിജയ് മക്കള്‍ ഇയക്കം. കഴിഞ്ഞ തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. 20 ലേറെപ്പേര്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് വിജയ് നേരിട്ട് കണ്ടിരുന്നു. ഇതെല്ലാം വാര്‍ത്തായായിരുന്നു.
ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ തനിക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുക എന്നതാണ് വിജയ് പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം തെന്നിന്ത്യന്‍ സിനിമാലോകത്തുനിന്ന് വരാനിരിക്കുന്നവയില്‍ ഏറ്റവും ഹൈപ്പ് നേടിയിട്ടുള്ള ഒന്നാണ് വിജയ് അഭിനയിച്ചുവരുന്ന പുതിയ ചിത്രം ലിയോ. വിക്രത്തിന്റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍യും ലോകേഷും ഒന്നിക്കുന്ന ചിത്രം, ഒപ്പം ഇത് എല്‍സിയുവിന്റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമാകുമോ എന്ന ആകാംക്ഷ അങ്ങനെ ഈ ഹൈപ്പിന് കാരണങ്ങള്‍ പലതാണ്.
ചിത്രത്തിന്റെ താരനിരയിലും പല കൗതുകമുണ്ടാക്കുന്നതാണ്. മലയാളത്തില്‍ നിന്ന് ഇതിനോടകം രണ്ട് താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ബാബു ആന്റണിയും മാത്യു തോമസുമാണ് അത്. ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സിന്റെ വില്‍പ്പന വഴിയും ചിത്രം വന്‍ തുക നേടുമെന്നാണ് കരുതപ്പെടുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രം 300 കോടിയോളം നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.