ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അംബികാ സോണി തന്റെ സംഘടന ചുമതലകള്‍ ഒഴിയുന്നു.
ആരോഗ്യ പ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് അവര്‍ വിശദീകരിച്ചു. സംഘടനാ ചുമതലകളില്‍ നിന്നൊഴിഞ്ഞാലും എംപി സ്ഥാനത്ത് തുടരാനാണ് അംബികാ സോണിയുടെ തീരുമാനം. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗമാണ് അവര്‍.
മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു അംബിക. അതിനിടെ, പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ അനുവദിക്കണമെന്ന അംബികാ സോണിയുടെ അഭ്യര്‍ഥന ഹൈക്കമാന്‍ഡ് തള്ളിയെന്ന് സൂചനയുണ്ട്.
ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ശങ്കര്‍സിങ് വഗേല പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി പദവികള്‍ ഒഴിയുന്നുവെന്ന അംബികാസോണിയുടെ പ്രഖ്യാപനം. തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് വഗേല ഇന്ന് പ്രഖ്യാപിച്ചിരുന്നു.
അംബികാ സോണി ചുമതലയൊഴിഞ്ഞ സാഹചര്യത്തില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കായിരിക്കും രണ്ട് സംസ്ഥനങ്ങളുടെയും ചുമതല.