കോട്ടയം∙ പ്രാർത്ഥനകൾക്കും ചികിൽസയ്ക്കും ഫലമുണ്ടായില്ല. ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്പിളി ഫാത്തിമ (22) മരിച്ചു. മൂന്നു ദിവസമായി അതീവഗുരുതരാവസ്ഥയിൽ കാരിത്താസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രക്തത്തിലൂം ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണ് കാരണം.
പത്ത് മാസം മുൻപ് ചെന്നൈ അപ്പോളോയിലാണ് ഹ്യദവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന അപൂർവവും ദുഷ്കരവുമായ ശസ്ത്രക്രിയ നടത്തിയത്. പത്ത് മാസത്തെയും തുടർചികിൽസയയ്ക്ക് ശേഷം ഒരു മാസം മുൻപാണ് കോട്ടയത്തെ വീട്ടിലെത്തിയത്. മാസം ഒരു ലക്ഷത്തിലേറെ രൂപയുടെ മരുന്നുകളും മൂന്ന് ദിവസം കൂടുമ്പോൾ രക്തപരിശോധന തുടങ്ങി കർശനമായ പരിശോധനകളായിരുന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നത്.
ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം കഴിഞ്ഞ് കടുത്ത അണുബാധയുണ്ടായതിനെതുടർന്ന് അപ്പോളോയിൽ വച്ചു തന്നെ മറ്റൊരു ദുഷ്കരമായ ശസ്ത്രക്രിയയും അമ്പിളിയ്ക്ക് ചെയ്യേണ്ടിവന്നിരുന്നു. പിന്നീടൊരിക്കൽ കൂടി അണുബാധയുണ്ടായെങ്കിലും വീര്യം കൂടിയതും ചെലവേറിയതുമായ മരുന്നുകളിലൂടെയും അണുബാധയ്ക്ക് ശമനമുണ്ടായിരുന്നു. അതിനുശേഷമാണ് ചെന്നൈയിൽ നിന്ന് കോട്ടയത്തെക്ക് അമ്പിളി ഫാത്തിമയും കുടുംബവും തിരിച്ചെത്തിയത്.
ഒരു നഴ്സിനെ കൂടെ കൂട്ടുകയും ചെയ്തു. വീട്ടിൽ സന്ദർശകരെയും അനുവദിച്ചിരുന്നില്ല. കർശനമായ നിരീക്ഷണത്തിലായിരുന്നുവെങ്കിലും കഴിഞ്ഞദിവസം കടുത്ത പനിയും ശ്വാസതടസവും ബാധിച്ചതിനെതുടർന്നാണ് കാരിത്താസിലെത്തിയത്. അണുബാധയിൽ ഇന്നലെ എല്ലാ ആന്തരികാവയവങ്ങളുടെയും തലച്ചോറിന്റെയും പ്രവർത്തനം നിലയ്ക്കുകയായിരുന്നു.