തിരുവനന്തപുരം: അമ്പൂരിയില്‍ രാഖിയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ കൊലയ്ക്ക് ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ സുഹൃത്തിന്റെ വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണു കാര്‍ കണ്ടെത്തിയത്. രാഹുലിനെ തൃപ്പരപ്പിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കാറില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ തെളിവു ശേഖരിച്ചു.
അതേസമയം അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് രണ്ടാം പ്രതിയും സഹോദരനുമായ രാഹുല്‍ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്നും രാഖിയെ കാറില്‍ കയറ്റി. അഖിലായിരുന്നു ആദ്യം വാഹനം ഓടിച്ചത്. യാത്രക്കിടെ വിവാഹത്തെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായെന്നും ശേഷം അഖില്‍ പിന്‍സീറ്റിലേക്ക് മാറി രാഖിയുടെ കഴുത്ത് ഞെരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. വീട്ടിലെത്തി കയര്‍ കഴുത്തില്‍ കുരുക്കി താന്‍ മരണം ഉറപ്പാക്കിയെന്നും വസ്ത്രങ്ങളും ഫോണും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുല്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
കേസിലെ പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയന്‍ പറയുന്നതെല്ലാം കള്ളമാണെന്ന് പറഞ്ഞ് പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. രാഖിയെ മറവ് ചെയ്ത കുഴിയെടുക്കാന്‍ അച്ഛനും പങ്കുചേര്‍ന്നുവെന്നും ഇത്രയും ആഴമേറിയ കുഴി എന്തിനാണെന്ന ചോദ്യത്തിന് മരം നടാനാണെന്നു മറുപടി നല്‍കിയതായും പ്രദേശവാസികള്‍ മൊഴി നല്‍കി. കൃഷി പണി നടക്കുന്ന സ്ഥലം ആയതിനാല്‍ സംശയം തോന്നിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
നാല് പേര്‍ നിന്നാണ് സംഭവ ദിവസം പറമ്പ് കിളച്ചത്. അഖിലും, രാഹുലും, അച്ഛന്‍ മണിയനും, അയല്‍ക്കാരന്‍ ആദര്‍ശും ചേര്‍ന്നാണ് കിളച്ചതെന്നാണ് കരുതുന്നത്. കിളയ്ക്കുമ്പോള്‍ മണിയനോട് എന്തിനാണ് ഇങ്ങനെ വലിയ കുഴിയെടുക്കുന്നതെന്നും കിളയ്ക്കുന്നതെന്നും ചോദിച്ചെന്നും മറുപടി കിട്ടിയില്ലെന്നും അയല്‍വാസികള്‍ പറയുന്നു.
അതിനിടെ കഴിഞ്ഞ ദിവസം മുഖ്യപ്രതിയുടെ സഹോദരന്‍ രാഹുല്‍ കീഴടങ്ങിയെന്നു മാധ്യമങ്ങളോട് മണിയന്‍ പറഞ്ഞുവെങ്കിലും പൊലീസ് അത് തിരുത്തി. കേസിലെ രണ്ടാം പ്രതി രാഹുല്‍ ഇന്നാണ് അറസ്റ്റിലായത്. രാഹുലിനെ ഒളിസങ്കേതത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.