തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ പൊലീസ് തൊണ്ടിമുതലുകള്‍ കണ്ടെത്തി. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച പിക്കാസും മണ്‍വെട്ടിയും ഒന്നാം പ്രതി അഖിലിന്റെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. അഖില്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളാണ് തൊണ്ടിമുതലുകള്‍ പൊലീസിന് കാണിച്ച് കൊടുത്തത്.
കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധം മൂലം ഒന്നാം പ്രതിയായ അഖിലുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ പൊലീസ് കൂടുതല്‍ കരുതലോടെയാണ് പ്രതികളെ കൊണ്ടുവന്നത്. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ അഖിലിന്റെ വീട്ടിലായിരുന്നു തെളിവെടുപ്പ്. പിക്കാസും മണ്‍വെട്ടിയും പ്രതികള്‍ കണ്ടെടുത്തു. തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ രാഖിയുടെ ചെരുപ്പും കണ്ടെത്തി.
കൂസല്ലില്ലാതെയായിരുന്നു പ്രതികള്‍ തൊണ്ടിമുതലുകള്‍ പൊലീസിന് കാണിച്ചുകൊടുത്തത്. രാഖിയുടെ മൃതദേഹം കുഴിച്ചിട്ട കുഴിയില്‍ വിതറാനായി ഉപ്പ് വാങ്ങിയ കടയിലും തെളിവെടുത്തു. തെളിവെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ തവണ അഖിലിന് നേരെ കല്ലെറിഞ്ഞ നാട്ടുകാര്‍ ഇത്തവണ പൊലീസിന് ജയ് വിളിച്ചു.
അതേസമയം, രാഖിയുടെ വസ്ത്രങ്ങളും മൊബൈലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും എന്നാണ് പൊലീസ് കരുതുന്നത്.