അമ്പൂരി കൊലപാതകം : അഖിലിന്റെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന് രാഖിയുടെ അച്ഛന്‍

തിരുവനന്തപുരം : അമ്പൂരി കൊലപാതകത്തില്‍ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട രാഖിയുടെ പിതാവ് രാജന്‍. കൊലപാതകത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാജന്‍ പറഞ്ഞു.

പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടല്‍. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛന്‍ ആരോപിക്കുന്നു.

അതേസമയം കൊലപാതകത്തില്‍ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.

ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും അച്ഛന്‍ വ്യക്തമാക്കിയിരുന്നു.

പുത്തന്‍കട സ്വദേശിനി രാഖിയെ കാറില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞിരുന്നു. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയ്യാറാക്കിയിരുന്നു. ഷാളോ, കയറോ പോലുള്ള വസ്തുവാണു കഴുത്തുമുറുക്കാന്‍ ഉപയോഗിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നുള്ള സൂചനയെന്നും ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ആ സമയത്തു കാര്‍ എന്‍ജിന്‍ ഇരപ്പിച്ചു നിര്‍ത്തിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഒരു മാസം മുന്‍പ് കാണാതായ എറണാകുളത്തെ കേബിള്‍ കമ്പനിയിലെ ജീവനക്കാരി പൂവാര്‍ പുത്തന്‍കട ജോയിഭവനില്‍ രാജന്റെ മകള്‍ രാഖി മോളുടെ(30) മൃതദേഹം അമ്പൂരി തട്ടാന്‍മുക്ക് ആദര്‍ശ് ഭവനില്‍ അഖില്‍ ആര്‍ നായരുടെ(27) വീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഇവരുടെ സുഹൃത്തായ ആദര്‍ശിനെ പിടികൂടിയതു വഴിയാണു പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസില്‍ കസ്റ്റഡിയിലുള്ള അഖിലിന്റെ സുഹൃത്ത് ആദര്‍ശ് ചോദ്യം ചെയ്യുന്നതിനിടയില്‍ പൊലീസിനോട് പറഞ്ഞത്.

അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്ന് മുഖ്യപ്രതി അഖില്‍ പറഞ്ഞിരുന്നു. ലഡാക്കിലെ സൈനികതാവളത്തിലാണ് താന്‍ ഇപ്പോഴുള്ളതെന്നും അവധിയെടുത്ത് നാട്ടിലെത്തി പൊലീസിനെ വിവരങ്ങള്‍ ധരിപ്പിക്കുമെന്നും അഖില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നുവെന്നും കാറില്‍ കയറ്റി ധനുവച്ചപുരത്ത് ഇറക്കിയതായും പ്രണയബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും രാഖി വഴങ്ങിയില്ലെന്നും അഖില്‍ പറയുന്നു.

എന്നാല്‍ സൈനികനായ അഖില്‍ ആര്‍.നായര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനായി പൊലീസ് സംഘം ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് അഖില്‍ ജോലി ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

Top