ഗാസ: ഗാസയില്‍ ആംബുലന്‍സ് വ്യൂഹത്തിനു നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതര പരുക്കു മൂലം ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകവെയാണ് രോഗികള്‍ ആക്രമിക്കപ്പെട്ടത്. ഗാസയിലെ പ്രധാന ആശുപത്രിയായ അല്‍ ഷിഫയുടെ കവാടത്തില്‍വച്ചും ഗാസയില്‍ തന്നെ അന്‍സാര്‍ സ്‌ക്വയറിനു സമീപവും ആക്രമണമുണ്ടായി.
ഗുരുതര യുദ്ധക്കുറ്റമായി വിലയിരുത്തപ്പെടുന്ന സംഭവത്തില്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നു മാത്രമാണ് ഇസ്രയേല്‍ പ്രതികരിച്ചത്. കഴിഞ്ഞമാസം 17ന് അല്‍ അഹ്ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തില്‍ കമാന്‍ഡര്‍ മുസ്തഫ ദാലുല്‍ ഉള്‍പ്പെടെ ഒട്ടേറെ ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9227 ആയി. ഇവരില്‍ കുട്ടികള്‍ 3826. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ വ്യോമാക്രമണത്തില്‍ പലസ്തീന്‍ ടിവി റിപ്പോര്‍ട്ടറും 9 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ 10 പേര്‍ കൂടി കൊല്ലപ്പെട്ടു.