റാസല്‍ഖൈമ: റാസല്‍ഖൈമയിലെ വിനോദ കേന്ദ്രമായ റാക് ജബല്‍ ജൈസില്‍ ആംബുലന്‍സ് ഹെലികോപ്ടര്‍ തകര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.സിപ്പ് ലൈനില്‍ തട്ടിയ ഹെലികോപ്ടര്‍ ഉയര്‍ന്ന് പറക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.
അടിയന്തിര ചികില്‍സ നല്‍കുന്നതിന് രോഗിയുമായി പുറപ്പെടുന്ന വഴിയിലായിരുന്നു അപകടം സംഭവിച്ചത്. വലിയ ശബ്ദത്തോടെ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഹുമൈദ് അല്‍സാബി, സഖര്‍ അല്‍ യമാഹി , ജാസിം അല്‍ തനൈജി എന്നിവരും റാസല്‍ഖൈമ അല്‍ സാലിഹിയ പ്രദേശത്തുള്ള ഒരാളുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള സിപ്പ് ലൈനാണ് റാസല്‍ഖൈമ ജബല്‍ ജൈസിലേത്. സിപ്പ്‌ലൈനില്‍ കയറാന്‍ വന്നവരെല്ലാം സുരക്ഷിതരാണെന്ന് റാക് ടൂറിസം വികസന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. അപകട സമയത്ത് സിപ്പ് ലൈന്‍ പ്രവൃത്തിച്ചിരുന്നില്ല. വിവരം ലഭിച്ചയുടന്‍ രക്ഷാ സേനകള്‍ സംഭവ സ്ഥലത്തെത്തിയിരുന്നു.