മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ചു

തിരുവനന്തപുരം: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ചു. മലപ്പുറം വേങ്ങൂർ കളത്തിൽ നജാദ്- ഇർഫാന ദമ്പതികളുടെ മകനെ ഹൃദ്രോഗത്തെ തുടര്‍ന്നാണ് ശ്രീലചിത്രയിലേക്ക് മാറ്റിയത്. പെരിന്തല്‍മണ്ണയില്‍ നിന്ന് 5.45ന് പുറപ്പെട്ട ആംബുലന്‍സ് അഞ്ചുമണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്തെത്തിച്ചത്.

അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ തീരുമാനിച്ചതോടെ എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഇത്രവേഗം എത്താനായതെന്ന് ആംബുലൻസ് ഡ്രൈവർ ആദർശ് പറഞ്ഞു. വരുന്ന വഴി തടസങ്ങൾ ഒന്നുമുണ്ടായില്ലെന്നും ആദർശ് പറഞ്ഞു.

കുഞ്ഞിനെ ഇപ്പോൾ ഹൃദ്രോഗ വിദഗ്ധർ പരിശോധിക്കുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ ശസ്ത്രക്രിയ എപ്പോൾ വേണമെന്ന് തീരുമാനിക്കൂ.

Top