അമേരിക്കക്കെതിരെ തുര്‍ക്കി; നാറ്റോയുമായി ബന്ധം ശക്തമാക്കുന്നു

വാഷിംങ്ടണ്‍ : സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയ അമേരിക്കയ്‌ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി തുര്‍ക്കി. നാറ്റോയുമായി ബന്ധം ശക്തമാക്കാന്‍ തുര്‍ക്കി തീരുമാനിച്ചു. ഇതിനായി ഇപ്പോള്‍ പുതിയ സഖ്യകക്ഷികളെ തേടുകയാണ് തുര്‍ക്കി. സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഉയര്‍ത്തി പുതിയ വ്യാപാര യുദ്ധത്തിന് തുടക്കമിട്ട അമേരിക്കയുടെ തീരുമാനത്തിനെതിരെ തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമേരിക്കയുടെ നടപടിക്കെതിരെ പോരാടാന്‍ തന്നെയാണ് പ്രസിഡന്റ് രജബ് തയിബ് എര്‍ദോഗന്‍ തീരുമാനിച്ചിരിക്കുന്നത്.

യുഎസിന്റെ നീക്കങ്ങള്‍ കൊണ്ട് തുര്‍ക്കിയെ തകര്‍ക്കാനാവില്ല. രാജ്യത്തിനെതിരെ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും, എന്നാല്‍ അതൊന്നും തുര്‍ക്കി ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും എര്‍ദോഗണ്‍ പറഞ്ഞു. സ്റ്റീലിന് 50 ശതമാനവും, അലുമിനിയത്തിന് 20 ശതമാനവും അധിക താരീഫാണ് അമേരിക്ക ചുമത്തിയത്. അമേരിക്കയുടെ നടപടിക്കെതിരെ ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ ഉപരോധങ്ങളിലൂടെയും, സാമ്പത്തിക നടപടിയിലൂടെയും പരിഹസിക്കുന്നത് യുഎസിന്റെ സ്ഥിരം നടപടിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് പറഞ്ഞു.

കറന്‍സിയുടെ മൂല്യത്തേക്കാള്‍ ഡോളര്‍ വളരെ കരുത്താര്‍ജിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ തുര്‍ക്കിയുമായുള്ള അമേരിക്കയുടെ ബന്ധം അത്ര സുഖമുള്ളതല്ല എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുര്‍ക്കിയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും രജബ് തയിബ് എര്‍ദോഗണ്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അമേരിക്കയുമായുള്ള വ്യാപാര ബന്ധം വഷളായതിനെ തുര്‍ന്ന് തുര്‍ക്കിയുടെ കറന്‍സിയായ ലിറയുടെ മൂല്യം 14 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാണിജ്യ വ്യാപാര മേഖലയില്‍ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും സാഹചര്യം കൂടുതല്‍ വഷളാകുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Top