പടിയിറങ്ങാന്‍ ഒരാഴ്ച കൂടി; ക്യൂബയ്‌ക്കെതിരെ വീണ്ടും ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: ക്യൂബയ്‌ക്കെതിരെ വീണ്ടും അമേരിക്ക. ക്യൂബ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അമേരിക്ക. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കി, ആഗോള ഭീകരവാദത്തെ തുടര്‍ച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണ് ക്യൂബയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു.

ഭരണമൊഴിയാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ക്യൂബയ്‌ക്കെതിരെ ട്രംപ് ഭരണ കൂടത്തിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. 2015ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കിയിരുന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനാലാണ് ക്യൂബയെ വീണ്ടും എസ്.എസ്.ടി. പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.

എസ്.എസ്.ടി. പട്ടികയില്‍ ആയതോടെ ക്യൂബയുമായി ‘ചില’ വ്യാപാര ഇടപാടുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും മേല്‍ പിഴ ചുമത്തുക, അമേരിക്ക നല്‍കുന്ന സഹായങ്ങളില്‍ നിയന്ത്രണം കൊണ്ടുവരിക, പ്രതിരോധ കയറ്റുമതിയും വില്‍പനയും നിരോധിക്കുക തുടങ്ങിയ നടപടികള്‍ അമേരിയ്ക്കക്ക് കൈക്കൊള്ളാനാകും. രാജ്യത്തെ ജനങ്ങളില്‍ പലരും ദാരിദ്ര്യത്തിലും ഭവനരഹിതരായും അവശ്യമരുന്നുകളുടെ അഭാവത്തിലും ജീവിക്കുമ്പോള്‍, കൊലപാതകികള്‍ക്കും ബോംബ് നിര്‍മാതാക്കള്‍ക്കും മറ്റും ക്യൂബ ഭക്ഷണവും താമസസൗകര്യവും ചികിത്സാസൗകര്യങ്ങളും ഒരുക്കുകയാണെന്നും പോംപിയോ ആരോപിച്ചു.

ഹവാനയില്‍ താമസിക്കുന്ന നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ പത്ത് നേതാക്കളെ കൈമാറണമെന്ന കൊളംബിയയുടെ ആവശ്യം ക്യൂബ നിരസിച്ചതായും അമേരിക്ക ചൂണ്ടിക്കാണിച്ചു. അമേരിക്ക വിദേശ ഭീകര സംഘടനകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൂട്ടായ്മയാണ് നാഷണല്‍ ലിബറേഷന്‍ ആര്‍മി.

Top