വാഷിങ്ടണ്‍: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക.
അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍മെന്റ് ആണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.
1989-ല്‍ രൂപവത്കരിക്കപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണെന്ന് അമേരിക്ക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഈ അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നുവെന്നും സംഘടനയുമായി പൗരന്മാര്‍ എന്തെങ്കിലും തരത്തിലുള്ള ഇടപാട് നടത്തുന്നത് തടയുമെന്നും ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
സയിദ് സലാഹുദീന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് യൂസഫ് ഷായാണ് ഭീകര സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. സയിദ് സലാഹുദീനെ ആഗോള ഭീകരനായി നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ഇത്.
ഭീകരവാദത്തിന് എതിരായ ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ വ്യക്തമാക്കിയിരുന്നു.
കശ്മീരില്‍ നടന്ന നിരവധി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഈ ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.
സംഘടനാ തലവനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്‍ മുജാഹിദീനെയും ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നത്.