ഉത്തരകൊറിയയുമായി ‘വലിയ ഏറ്റുമുട്ടലി’ന് സാധ്യതയുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മുന്നറിയിപ്പുകള്‍ ലംഘിച്ച് അണുവായുധ, മിസൈല്‍ പരിപാടികളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയയുമായി ‘വലിയ, വലിയ ഏറ്റുമുട്ടലി’ന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറിയന്‍ മുനമ്പിലെ സ്ഥിതി വഷളാകാനോ നിയന്ത്രണാതീതമാകാനോ ഇടയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തിലാണ് യുദ്ധസാധ്യതയെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയത്.

ഇപ്പോഴത്തെ സംഘര്‍ഷം സമാധാനപരമായിട്ടോ പുതിയ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സൈനികനടപടിയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറിയന്‍ മേഖലയില്‍ സമാധാനത്തിനായി ശ്രമിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ‘നല്ല മനുഷ്യന്‍’ എന്ന് ട്രംപ് പ്രകീര്‍ത്തിച്ചു. ശനിയാഴ്ച പ്രസിഡന്റുപദത്തില്‍ 100 ദിവസം തികയ്ക്കുകയാണ് ഡൊണള്‍ഡ് ട്രംപ്.

ഉത്തരകൊറിയയോട് കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശിക്കാന്‍ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി റെക്സ് ടിലേഴ്സണ്‍ ചൈനയോടാവശ്യപ്പെട്ടു. പരീക്ഷണവുമായി മുന്നോട്ടുപോയാല്‍ ഉത്തരകൊറിയയ്ക്കുമേല്‍ ഏകപക്ഷീയമായി ഉപരോധമേര്‍പ്പെടുത്തുമെന്ന് ചൈന പറഞ്ഞു.

അതേസമയം അമേരിക്കയുടെ വിമാനവാഹിനിയായ യു.എസ്.എസ്. കാള്‍ വിന്‍സന്‍ കൊറിയന്‍ മുനമ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുങ്ങിക്കപ്പല്‍ യു.എസ്.എസ്. മിഷിഗന്‍ ദക്ഷിണ കൊറിയന്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഇതിനുപിന്നാലെ ചരിത്രത്തിലെ ഏറ്റവുംവലിയ ആയുധപ്രയോഗപ്രകടനം നടത്തി ഉത്തരകൊറിയ കരുത്ത് പ്രകടിപ്പിക്കുകയും ചെയ്തു.

Top