വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ 17 കുട്ടികളുടെ മരണത്തിനിരയായ വെടിവെയ്പ്പ് മുന്‍കൂട്ടി അറിയാന്‍ കഴിയാതിരുന്ന എഫ്ബിഐയെ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ റഷ്യന്‍ ഗൂഡാലോചന തെളിയിക്കുന്നതിന് കൂടുതല്‍ സമയം ചിലവഴിച്ച എഫ്ബിഐക്ക് സ്‌കൂള്‍ വെടിവെയ്പ് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ലേയെന്നാണ് ട്രംപ് ചോദിക്കുന്നത്.
റഷ്യന്‍ ഗൂഡാലോചന തെളിയിക്കുന്നതിന് കൂടുതല്‍ സമയം ചിലവഴിച്ചു. എന്നാല്‍ ഇവിടെ ഒരു ഗൂഡാലോചനയും നടന്നിട്ടില്ല. ഇനി അടിസ്ഥാനകാര്യങ്ങളിലേക്ക് തിരിയണം, ഏജന്‍സിയുടെ ബഹുമാന്യത വീണ്ടെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സ്‌കൂള്‍ വെടിവയ്പ് നടത്തിയ നിക്കോളാസ് ക്രൂസിനെ സംബന്ധിച്ച് നിരവധി സൂചനകള്‍ ലഭിച്ചിട്ടും എഫ്ബിഐ എല്ലാം പാഴാക്കിയെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് (19) എന്ന വിദ്യാര്‍ഥിയാണ് വെടിവെച്ചത്. ആക്രമണ സ്വഭാവം കാരണം നിക്കോളാസിനെ സ്‌കൂളില്‍നിന്നു പുറത്താക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് മജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വെടിവെപ്പുണ്ടായത്. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടി. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിന് പുറത്തെ് വെച്ച് മൂന്നുപേരെ വെടിവെച്ച ശേഷം സ്‌കൂളിനുള്ളിലേക്ക് കടന്ന് മറ്റ് മറ്റുള്ളവരെക്കൂടി കൊല്ലുകയായിരുന്നു. ഈ വര്‍ഷം അമേരിക്കയിലെ സ്‌കൂളുകളില്‍ നടക്കുന്ന 18 ാമത്തെ വെടിവെപ്പാണിത്.