ടെഹ്‌റാന്‍: അമേരിക്കയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്. ഇറാന്റെയും ലോകത്തിന്റെയും കാര്യങ്ങള്‍ നിശ്ചയിക്കാന്‍ അമേരിക്കയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അമേരിക്ക പറയുന്നത് ലോകരാജ്യങ്ങള്‍ അംഗീകരിക്കേണ്ട കാര്യമില്ലെന്നും റൂഹാനി പറഞ്ഞു.
ഇറാന് മേല്‍ കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ സഖ്യരാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റൂഹാനി രംഗത്തെത്തിയത്. അണ്വായുധ മോഹം ഉപേക്ഷിക്കാനും പശ്ചിമേഷ്യയിലെ ശിഥിലീകരണ നടപടികള്‍ അവസാനിപ്പിക്കാനും ഇറാന്‍ തയാറാവാത്ത പക്ഷം ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധം നേരിടേണ്ടിവരുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറാനെതിരേയുള്ള നടപടികളില്‍ സഹകരിക്കാന്‍ യൂറോപ്പിനോടും ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളോടും പോംപിയോ അഭ്യര്‍ഥിക്കുകയും ചെയ്തു.