വാഷിംങ്ടണ്‍ : ഇന്ത്യയും പാക്കിസ്ഥാനും സൈനികനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. വിയറ്റനാമിലുളള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി നിരന്തരം വിഷയം ചര്‍ച്ച ചെയ്യുന്നതായും മേഖലയിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ അറിയിച്ചു.
വീണ്ടും സൈനികനടപടിക്ക് മുതിര്‍ന്നാല്‍ സ്ഥിതി അതീവഗുരുതരമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സംഘര്‍ഷസ്ഥിതിക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തയാറാകണമെന്ന് ബ്രിട്ടനും കാനഡയും ആവശ്യപ്പെട്ടു.
ഇതിനിടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. യു എന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. പുല്‍വാമ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്.
ഐക്യരാഷ്ട്രാ രക്ഷാസമിതിയില്‍ ജെയ്‌ഷെ മുഹമ്മദിനെ നേരത്തേ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ചൈന ഒരിക്കലും തയ്യാറായിരുന്നില്ല. വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാസമിതിയില്‍ ഈ ആവശ്യത്തെ ചൈന എതിര്‍ക്കുകയായിരുന്നു.