എന്തുകൊണ്ട് ബ്ലാക്ക് ബോക്‌സ് നല്‍കിക്കൂടാ? വിമാനം തകര്‍ത്തത് ഇറാനെന്ന് ഉറപ്പിച്ച് അമേരിക്ക

കീവ്: യുക്രൈന്‍ വിമാനം അപകടത്തില്‍ പെട്ടതല്ല, മറിച്ച് ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യു.എസ്. മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന് യു.എസ്. രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സി.ബി.എസ്. ന്യൂസ് റിപ്പോര്‍ട്ടുചെയ്തു.

176 യാത്രക്കാരുമായി ടെഹ്‌റാനില്‍നിന്ന് ബുധനാഴ്ച രാവിലെ പുറപ്പെട്ടതായിരുന്നു വിമാനം. എന്നാല്‍, വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുമ്പോഴാണ് വിമാനം തകര്‍ന്നതെന്നാണ് ഇറാന്‍ അന്വേഷകര്‍ പറയുന്നത്. എന്നാല്‍ ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകം ഉണ്ടായ അപകടത്തെച്ചൊല്ലി ഇനിയും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. അതിനിടയിലാണ് അമേരിക്കന്‍ രഹസ്യവൃത്തങ്ങള്‍ വിമാനത്തെ തകര്‍ത്തതാണെന്ന തരത്തില്‍ പറയുന്നത്.

ഇറാന് അബദ്ധം പറ്റിയതാണെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ ആദ്യത്തെ പ്രസ്താവന. വിമാനം പറന്നുയര്‍ന്നയുടന്‍ ചില സാങ്കേതികത്തകരാര്‍ ഉണ്ടായെന്നും
തുടര്‍ന്ന് തീപിടിച്ച് വീഴുകയായിരുന്നു എന്നുമാണ് ഇറാന്റെ വാദം. അതേസമയം, മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തെത്തുടര്‍ന്ന് യു.എസുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അന്വേഷണത്തിനായി യു.എസിന് നല്‍കില്ലെന്ന് ഇറാന്‍ കഴിഞ്ഞദിവസംതന്നെ വ്യക്തമാക്കിയിരുന്നു. ഇതും ആഗോളതലത്തില്‍ സംശയത്തിന് വഴിവെച്ചിട്ടുണ്ട്.

പ്രാഥമികവിവരങ്ങള്‍ യുക്രൈനും യു.എസിനും സ്വീഡന്‍, കാനഡ എന്നീ രാജ്യങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. യു.എസിലാണ് ബോയിങ്ങിന്റെ ആസ്ഥാനം. വിശദമായ അന്വേഷണത്തിന് 45 അംഗ പ്രത്യേകസംഘത്തെയാണ് യുക്രൈന്‍ ഇറാനിലേക്ക് അയച്ചിട്ടുള്ളത്. 2014-ല്‍ മലേഷ്യന്‍ എയര്‍ലൈനിന്റെ എം.എച്ച്-17 വിമാനം കിഴക്കന്‍ യുക്രൈനില്‍ തകര്‍ന്ന സംഭവം അന്വേഷിച്ച വിദഗ്ധരെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top