അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി അമേരിക്ക; പുറത്തേക്ക് വരുന്നത് കോടിക്കണക്കിന് പ്രാണികള്‍

നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം കോടിക്കണക്കിന് പ്രാണികള്‍ മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് വരുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ചുവന്ന കണ്ണുകളുള്ള സിക്കാഡ എന്നറിയപ്പെടുന്ന പ്രാണി വര്‍ഗമാണ് കൂട്ടമായി പുറത്തുവന്ന് അത്ഭുത കാഴ്ച ഒരുക്കുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയില്‍ ചെലവഴിക്കുന്നവയാണ് സിക്കാഡകള്‍. 17 വര്‍ഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും 13 വര്‍ഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും ഒരുമിച്ച് മണ്ണിന്റെ ഉപരിതലത്തിലേക്ക് ഉയര്‍ന്നുവരുന്നു എന്നതാണ് ഈ വസന്തകാലത്തിന്റെ പ്രത്യേകത. ഏതാണ്ട് 221 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇത്തരം ഒരു പ്രതിഭാസം ഉണ്ടാകുന്നത്.

13 വര്‍ഷവും 17 വര്‍ഷവും മണ്ണിനടിയില്‍ കഴിയുന്ന സിക്കാഡകള്‍ പ്രാണി വര്‍ഗങ്ങളില്‍ തന്നെ ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യമുള്ളവ കൂടിയാണ്. പുറത്തേക്ക് എത്താന്‍ പ്രാപ്തിയാകുന്നതും കാത്ത് ഇക്കാലമത്രയും അവ ഭൂഗര്‍ഭ മാളങ്ങളില്‍ ജീവിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ജീവിതചക്രത്തിന്റെ 99.5 ശതമാനം കാലവും ഇവ മണ്ണിനടിയിലാണ് കഴിച്ചുകൂട്ടുന്നത്. ഈ സമയത്ത് മരങ്ങളുടെ വേരിനടിയിലെ സ്രവമാണ് ഇവ ഭക്ഷണമാക്കുന്നത്. ഉപരിതലത്തിലേയ്ക്ക് വരാന്‍ തയ്യാറാകുന്ന സമയത്ത് അവ മണ്ണില്‍ ചെളി ഉപയോഗിച്ച് മാളങ്ങള്‍ നിര്‍മിക്കും. സിക്കാഡ ഹട്ട് എന്നാണ് ഇവയുടെ വിളിപ്പേര്. മണ്ണിന്റെ ഉപരിതലത്തില്‍ നിന്നും എട്ടിഞ്ച് താഴെയുള്ള മണ്ണിന് 64 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയാകുമ്പോഴാണ് ഇവ പുറത്തേക്ക് വരുന്നത്.

രണ്ടുതരം സിക്കാഡകള്‍ ഒരുമിച്ച് പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം ഇതിനു മുന്‍പ് ഉണ്ടായിട്ടുള്ളത് 1803 ലാണ്. ബ്രൂഡ് തകകക, ബ്രൂഡ് തകത എന്നീ പേരുകളിലാണ് ഈ വര്‍ഷത്തെ സിക്കാഡ ഗ്രൂപ്പുകള്‍ അറിയപ്പെടുന്നത്. ബ്രൂഡ് തകകക ഇനത്തെ ഏറ്റവും അധികം കാണാനാവുന്നത് അയോവ, വിസ്‌കോണ്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലായിരിക്കും. ബ്രൂഡ് തകത ആവട്ടെ അലബാമ, അര്‍ക്കന്‍സാസ്, ജോര്‍ജിയ, കെന്റുക്കി, ലൂസിയാന, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ഒക്ലഹോമ, മിസിസിപ്പി, ടെന്നസി, വെര്‍ജീനിയ തുടങ്ങിയ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top